സീമ മോഹൻലാൽ
കൊച്ചി: സ്വർണവില സർവകാല റിക്കാർഡിലേക്ക്. പവന് 42,000 രൂപ കടന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണിത്. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്.
ഇതോടെ സ്വർണവില ഗ്രാമിന് 5,270 രൂപയും പവന് 42,160 രൂപയുമായി. അന്താരാഷ്ട്ര സ്വർണ വില 1934 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 81.63 ലുമാണ്.
50 വർഷത്തെ സ്വർണ വില പരിശോധിക്കുകയാണെങ്കിൽ ലോകത്ത് മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
2020 ഓഗസ്റ്റ് ഏഴിനായിരുന്നു ഇതിനു മുന്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയുമായിരുന്നു.
2020ൽ അന്താരാഷ്ട്ര സ്വർണ വില റിക്കാർഡിലായിരുന്നു. 2077 ഡോളർ. രൂപയുടെ വിനിമയ നിരക്ക് 74 ലുമായിരുന്നു.1973 ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 27.50 രൂപയായിരുന്നു.
പവൻ വില 220 രൂപയുമായിരുന്നു. 190 മടങ്ങ് വർദ്ധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്.കഴിഞ്ഞ 50 വർഷത്തിനിടെ സ്വർണ വില 19000 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
1973 ൽ 24 കാരറ്റ് തങ്കക്കട്ടി കിലോഗ്രാമിന് 27,850 രൂപയായിരുന്നു. ഇന്ന് 59 ലക്ഷം രൂപയാണ് ഒരുകിലോഗ്രാം 24 കാരറ്റ് സ്വർണം ബാങ്കിൽ ലഭിക്കുന്നതിന് വേണ്ടി വരുന്ന തുക. 21000 ശതമാനമാണ് വിലവർധനവ് ഉണ്ടായിട്ടുള്ളത്.
1971 ലാണ് യു.എസ്. പ്രസിഡന്റ് നിക്സണ് പണപ്പെരുപ്പം തടയാനായി സ്വർണത്തിന് പകരമായി ഡോളറിനെ ലോക കറൻസിയായി പ്രഖ്യാപിക്കുന്നത്. ഒരു ഔണ്സ് സ്വർണത്തിന് 35 ഡോളറാണു വില നിശ്ചയിച്ചത്.
ഇന്ന് 55 മടങ്ങാണ് അന്താരാഷ്ട്ര വില വർധിച്ചത്. 16500 ശതമാനത്തിലധികമാണ് വിലവർധിച്ചിട്ടുള്ളത്.പണപ്പെരുപ്പം, സാന്പത്തിക അസ്ഥിരത, പലിശ നിരക്ക് വർധനവ് തുടങ്ങിയ കാരണങ്ങൾ മൂലമാണ് സ്വർണ വില വർധിക്കുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവൽ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. അബ്ദുൾ നാസർ പറഞ്ഞു. വില വർധന തുടരുമെന്ന സൂചനകളാണ് വിപണിയിൽ നിന്ന് ലഭിക്കുന്നത്.
1960 – 70 ഡോളർ വരെ അന്താരാഷ്ട്ര വില എത്താമെന്നും, അതിനിടെ വിലയിൽ ചെറിയ തിരുത്തൽ വരുമെന്ന സൂചനകളുമുണ്ട്.