നെടുങ്കണ്ടം: മജിസ്ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ പോലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതം.
ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച കേസില്‍ നെടുങ്കണ്ടം പോലീസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്ത പിതാവാണ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടത്.
ഇയാള്‍ക്കായി ഇന്നലെ രാത്രി പോലീസും നാട്ടുകാരും വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിക്കു സമീപം ഇയാളെ കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഇന്നു രാവിലെ മുതല്‍ ഈ മേഖലയില്‍ പോലീസ് വ്യാപക തെരച്ചില്‍ നടത്തുകയാണ്.
ഇയാള്‍ നെടുങ്കണ്ടം മേഖലയില്‍തന്നെ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് കേസിലെ രണ്ടു പ്രതികളില്‍ ഒരാളായ പിതാവ് വീട്ടുവളപ്പില്‍നിന്ന് ഓടിരക്ഷപ്പെട്ടത്.
ഇന്നലെ വൈകുന്നേരം 7.45 ഓടെയായിരുന്നു സംഭവം. സമീപത്തുള്ള നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷന് സമീപത്തുള്ള കാട്ടിലേക്ക് ഓടിക്കയറിയ പ്രതി അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. അടിപിടിക്കേസുകളില്‍ ഉള്‍പ്പെടെ ഇയാള്‍ പ്രതിയാണ്.
2022-ല്‍ മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തു പറഞ്ഞത്. പിതാവും സുഹൃത്തും മറ്റൊരു യുവാവും പീഡിപ്പിച്ചെന്നാണ് കുട്ടി വെളിപ്പെടുത്തിയത്.
സംഭവം ചൈല്‍ഡ് ലൈന്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പിതാവിനെയും യുവാവിനെയും പോലീസ് അറസ്റ്റു ചെയ്തു. മൂന്നാം പ്രതിയായ പിതാവിന്റെ സുഹൃത്ത് വിദേശത്താണ്.
മാതാവ് മരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി സ്കൂളിനോട് ചേര്‍ന്നുള്ള കേന്ദ്രത്തില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. അവധിക്ക് വീട്ടിലെത്തിയപ്പോള്‍ പിതാവ് ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ബന്ധു വീട്ടിലെത്തിയപ്പോള്‍ യുവാവും പീഡിപ്പിച്ചു. പിതാവിന്റെ സുഹൃത്ത് ഇയാളുടെ വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ വച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളെ വിദേശത്തുനിന്നു നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.