കോഴിക്കോട്: പരാതിയുമായി ഒരാൾ പോലീസ് സ്റ്റേഷിനൽ എത്തിയാൽ ആ പരാതിയിന്മേൽ നിസംശയം കേസെടുക്കാൻ പോലീസിന് സാധിക്കാറുണ്ട്.
കേസിന്റെ സ്വഭാവം, സംഭവത്തിന്റെ വ്യാപ്തി, ക്രിമിനൽ ബന്ധം തുടങ്ങിയവയെല്ലാം പരിഗണിച്ചാവും പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുക. ഇതിനായി പോലീസുകാർക്ക് പ്രത്യേകം ഐപിസി,സിആർപിസി സെക്ഷനുകൾ പരിശോധിക്കേണ്ട സ്ഥിതിയും വരാറില്ല.
എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജ് പോലീസിന്റെ അവസ്ഥ ഇന്നലെ മുതൽ ഇതല്ല. പരാതി ലഭിച്ചിട്ടും, ക്രൈം സീനിൽ പോലീസ് എത്തി പരിശോധന നടത്തിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ മാത്രം പോലീസിന് സാധിക്കുന്നില്ല.
മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിലെ ചേവായൂരിലെ ഒരു കടമുറിക്ക് മുന്നിൽ കൂടോത്രം നടത്തിയെന്ന പരാതിയാണ് പോലീസിനെ വലയ്ക്കുന്നത്.
ഇന്നലെ പുലർച്ചെ നടന്ന സംഭവത്തിൽ 24 മണിക്കൂർ കഴിഞ്ഞിട്ടും കേസ് എടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് പോലീസ്. ഏത് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന ധർമ്മസങ്കടത്തിൽ വലയുന്ന മെഡിക്കൽ കോളജ് പോലീസ് സംഭവത്തിൽ കേസെടുക്കുന്നതിനായി അഭിഭാഷകരുടെ സഹായം കൂടി തേടുകയാണിപ്പോൾ.
കൂടോത്രം, ദുർമന്ത്രവാദം പോലുള്ള സംഭവങ്ങൾ കേരളത്തിൽ ആദ്യമല്ലെങ്കിലും ഇത്തരത്തിൽ പരാതിയുമായി ആൾക്കാർ എത്തുന്നത് വളരെ വിരളമാണ്. തന്റെ കടയ്ക്ക് മുന്നിൽ കൂടോത്രം നടത്തിയവർ തന്റെ ജീവന് തന്നെ ഭീഷണിയാണെന്ന് കാണിച്ച് കടയുടെ ഉടമ ചേവായൂർ സ്വദേശിയായ വി. വേലായുധൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.
എന്നാൽ കൂടോത്രം ചെയ്ത ആൾക്കെതിരേ ഏത് വകുപ്പ് പ്രകാരം കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിലാണ് പോലീസ്. പരാതി ഉണ്ടായിരുന്നുട്ടു കൂടി പരാതി സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ മെഡിക്കൽ കോളജ് പോലീസ്.
ചേവായൂർ ജംഗ്ഷന് സമീപം രജിസ്ട്രാർ ഓഫീസിന് സമീപമുള്ള ആയുർവേദ ക്ലിനിക്കിന് മുന്നിലാണ് ഇന്നലെ പുലർച്ചെയോടെ കൂടോത്രം നടത്തിയതായി കണ്ടെത്തിയത്. സംഭവം അറഞ്ഞയുടൻ ഉടമ വേലായുധൻ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി പരിശോധിക്കുകയും ചെയ്തിരുന്നു.
എന്നാൽ പരാതിയിൽ കേസെടുക്കാൻ വകുപ്പില്ലാത്ത പോലീസ് അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടെന്ന നിലപാടിലാണ്. അന്ധവിശ്വാസങ്ങളിൽ നിന്ന് ജനങ്ങൾ പിന്തിരിയുന്നതിന് ബോധവത്കരണം നടത്തുകയാണ് വേണ്ടതെന്ന നിലപാടിലാണ് മെഡിക്കൽ കോളജ് പോലീസ്.