കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്കുള്ള വീടിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കാൻ പായസമേള സംഘടിപ്പിച്ച് സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി.
കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള 12 ലോക്കൽ കമ്മിറ്റികളുടെ പരിധിയിലായി 25000 ലിറ്റർ പായസമാണ് തയാറാക്കി നൽകിയത്.
സിപിഎം ബ്രാഞ്ച് കമ്മിറ്റികൾ നേരത്തെ ഓർഡർ സ്വീകരിച്ച പ്രകാരം അതതു വീടുകളിൽ ഒരു ലിറ്ററിന് 200 രൂപ നിരക്കിൽ എത്തിച്ചുനൽകുകയായിരുന്നു.
പാചകപ്രതിഭ പഴയിടം മോഹനൻ നന്പൂതിരിയുടെ നേതൃത്വത്തിലാണ് പായസം ഉണ്ടാക്കിയത്. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ പായസം ഓരോ ലിറ്റർ പ്ലാസ്റ്റിക് പാത്രങ്ങളിലാക്കി സ്റ്റിക്കർ ഒട്ടിച്ച് അതത് ലോക്കൽ കമ്മിറ്റികൾക്ക് എണ്ണമനുസരിച്ച് കൈമാറുകയും പിന്നീടു പ്രദേശത്തെ പ്രവർത്തകർ അത് വീടുകളിലെത്തിക്കുകയുമായിരുന്നു.
സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയാണ് വീട് നിർമിച്ചുനൽകുന്നത്. സിപിഎം കാഞ്ഞിരപ്പള്ളി ഏരിയയിലെ പാർട്ടി മെംബർമാരിൽനിന്നു സംഭരിച്ച തുക ഉപയോഗിച്ചാണ് ഇതിനാവശ്യമായ രണ്ടേക്കർ പത്ത് സെന്റു സ്ഥലം വാങ്ങിയത്.
15 വീടുകളുടെ നിർമാണം ഏതാണ്ട് പൂർത്തിയായി. പത്തു വീടുകൾ ഇനി പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിന് ഫണ്ട് കണ്ടെത്താനാണ് ഏരിയാ കമ്മിറ്റി പായസമേള സംഘടിപ്പിച്ചത്.
സിപിഎം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ. രാജേഷ്, ഏരിയാ, ലോക്കൽ, ബ്രാഞ്ച് കമ്മിറ്റിയംഗങ്ങൾ, ബഹുജന സംഘടനാ പ്രവർത്തകർ എന്നിവരാണ് പായസമേളയ്ക്കു ചുക്കാൻ പിടിച്ചത്.