ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും പുറത്തിറങ്ങി.
ഇന്ത്യൻ സമയം ഇന്നു പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംപ്രേക്ഷണം. 2019ൽ മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള സംഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.
കാഷ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ആംനെസ്റ്റി ഇന്റർനാഷണൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ മരവിപ്പിച്ചതും ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.
അതേസമയം വൻ പ്രതിഷേധങ്ങൾക്കിടെ ഡോക്യുമെന്ററി പ്രദർശനം ഇടത് സംഘടനകളുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ കേരളത്തിൽ ഇന്നും തുടരും.
ഇന്നലെ തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാടും പ്രദർശനം തടയാൻ ബിജെപി, യുവമോർച്ച പ്രവർത്തകരെത്തിയത് സംഘർഷത്തിനിടയാക്കിയിരുന്നു.
പ്രദർശനത്തെച്ചൊല്ലി ഡൽഹി ജെഎൻയു കാന്പസിൽ വലിയ സംഘർഷമുണ്ടായിരുന്നു. ഇന്നലെ രാത്രി ഒന്‍പതിനാണ് ഡോക്യുമെന്ററി പ്രദർശനം നടത്താൻ നിശ്ചയിച്ചിരുന്നത്.
എന്നാൽ എട്ടരയോടെ കാന്പസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തുടർന്നു ലാപ്പ്ടോപ്പിലും മൊബൈൽ ഫോണുകളിലുമായി കൂട്ടംകൂടിയിരുന്ന് ഡോക്യുമെന്ററി കണ്ട വിദ്യാർഥികൾക്കുനേരേ ഒരു വിഭാഗം കല്ലെറിയുകയായിരുന്നു.
എബിവിപി പ്രവർത്തകരാണ് കല്ലേറ് നടത്തിയതെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നു. ഈസമയം സർവകലാശാലയിൽ പോലീസ് ഉണ്ടായിരുന്നില്ല. നേരത്തെയുണ്ടായിരുന്ന പോലീസുകാരെ അവിടെ നിന്ന് തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.
ജെഎൻയു വിദ്യാർഥികളെ അധികൃതർ കൊല്ലാൻ എറിഞ്ഞു നൽകിയെന്ന് വിദ്യാർഥികൾ ആരോപിച്ചു. കാമ്പസിൽ വിച്ഛേദിച്ച വൈദ്യുതി മൂന്നര മണിക്കൂറിനുശേഷമാണ് പുനഃസ്ഥാപിച്ചത്.
സംഭവം വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് പോലീസ് വിദ്യാർഥികൾക്ക് ഉറപ്പ് നൽകി. കല്ലേറില്‍ പരിക്കേറ്റവര്‍ പ്രത്യേകം പരാതി നല്കുമെന്നു വിദ്യാര്‍ഥികള്‍ അറിയിച്ചു.