ജിബിൻ കുര്യൻ
കോട്ടയം: മൊട്ടക്കുന്നും പൈൻമരക്കാടും കോടമഞ്ഞും തേയിലത്തോട്ടവും വിരുന്നൊരുക്കുന്ന വാഗമണ്‍ താഴ്വരയിലേക്കുള്ള പുള്ളിക്കാനം ബസ് വീണ്ടും സർവീസ് ആരംഭിച്ചു.
“പത്രവണ്ടി’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈരാറ്റുപേട്ട -കോട്ടയം-പുളളിക്കാനം ബസ് ഇപ്പോൾ കെഎസ്ആർടിസിയുടെ സ്റ്റാർ സർവീസാണ്. കോവിഡ് കാലത്ത് മുടങ്ങിയ ബസ് കഴിഞ്ഞ ദിവസമാണ് വീണ്ടും സർവീസ് തുടങ്ങിയത്.
52-ാം വർഷത്തിലേക്കു കടക്കുന്ന സർവീസ് പാലാ, ഈരാറ്റുപേട്ടയിലൂടെ കടന്നുപോവുന്ന ഏറ്റവും പഴക്കമുള്ള ബസ് സർവീസുകളിൽ ഒന്നാണ്.
1971ലാണ് കോട്ടയം-വാഗമണ്‍ എന്ന പേരിൽ ബസ് സർവീസ് ആരംഭിക്കുന്നത്. അക്കാലത്ത് വാഗമണ്‍ റൂട്ടിൽ സർവീസ് നടത്തിയിരുന്ന പിടിഎംഎസ് എന്ന സ്വകാര്യ ബസ് വിദ്യാർഥികളെ കയറ്റാൻ കഴിയാത്തതിനാൽ രാവിലെ 8.30ന് വാഗമണിൽനിന്ന് ഈരാറ്റുപേട്ടയിലെക്കുള്ള ട്രിപ്പ് നിർത്തലാക്കുകയുണ്ടായി.
ഇതു മൂലം വെള്ളികുളം സ്കൂളിലെ കുട്ടികൾക്കടക്കം യാത്രാസൗകര്യം ഇല്ലാതായി. ഇതോടെ വെള്ളികുളം സ്കൂളിലെ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ കെഎസ്ആർടിസി സർവീസിനായി തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു.
അന്നത്തെ പൂഞ്ഞാർ എംഎൽഎയും ഗതാഗത മന്ത്രിയുമായിരുന്ന കെ.എം. ജോർജിനെ കണ്ടു വിവരം ധരിപ്പിച്ചു. അദ്ദേഹത്തിന്റെ ഇടപെടലിലാണ് കോട്ടയം ഡിപ്പോയിൽനിന്ന് വാഗമണിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നത്.
അന്ന് പാലാ, ഈരാറ്റുപേട്ട ഡിപ്പോകൾ ഇല്ലായിരുന്നു. പുതുതായി തുടങ്ങിയ കെഎസ്ആർടിസി ബസിന് രാജകീയ സ്വീകരണമാണ് വഴി നീളെ ഒരുക്കിയത്. തോരണങ്ങളും പുഷ്പവൃഷ്ടിയുമായി നാട്ടുകാർ ബസിനെ വരവേറ്റു.
പുള്ളിക്കാനം എസ്റ്റേറ്റ് തൊഴിലാളികളുടെ സൗകര്യാർഥം ബസ് പിന്നീട് പുള്ളിക്കാനത്തെക്കു നീട്ടി. സർവീസ് നിന്നുപോകാതിരിക്കാൻ യാത്ര ചെയ്യാതെ വഴിവക്കിൽനിന്ന് ആളുകൾ വെറുതെ ടിക്കറ്റ് എടുക്കാറുണ്ടായിരുന്നെന്നും പഴമക്കാർ പറയുന്നു.
കോട്ടയത്തുനിന്ന് രാവിലെ ബസ് എടുത്താൽ നിറയെ പത്രക്കെട്ടുകളാണ്. ഏറ്റുമാനൂർ തൊട്ട് പുളളിക്കാനം വരെയുള്ള സ്ഥലങ്ങളിലെക്കുള്ള പത്രവും വഹിച്ചുകൊണ്ടുള്ള പ്രയാണം.
തിരിച്ച് പുള്ളിക്കാനം പോസ്റ്റ് ഓഫീസിലേതടക്കം എഴുത്തുകൾ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എത്തിക്കുന്നതും പുളളിക്കാനം ബസ് തന്നെ.