ഐപിഎല്‍ ആരംഭിക്കാന്‍ മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും മിനി ഐപിഎല്ലിന്റെ ആവേശത്തിലാണ് ആരാധകര്‍. ദക്ഷിണാഫ്രിക്കയിലാണ് ഐപിഎല്ലില്‍ ആറു ഫ്രാഞ്ചൈസികളുടെ ടീമുകള്‍ ഏറ്റുമുട്ടുന്ന എസ്എ20 എന്ന മിനി ഐപിഎല്‍ നടക്കുന്നത്.
പ്രിട്ടോറിയ ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്, പാള്‍ റോയല്‍സ്, ജോഹന്നാസ്ബര്‍ഗ് സൂപ്പര്‍ കിംഗ്സ്,മുംബൈ ഇന്ത്യന്‍സ് കേപ്ടൗണ്‍, ഡര്ബന് സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.
ലോകത്തെ നിരവധി പ്രമുഖ താരങ്ങള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡര്ബന് സൂപ്പര്‍ ജയന്റ്സും ജൊഹാന്നസ്ബര്‍ഗ് സൂപ്പര്‍ കിംഗ്സും തമ്മില്‍ നടന്ന മത്സരം രസകരമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചു.
ജൊഹാന്നസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനും സൂപ്പര്‍താരവുമായ ഫഫ് ഡുപ്ലെസി സ്വന്തം ‘അളിയനെ’ പഞ്ഞിക്കിടുന്ന അപൂര്‍വ കാഴ്ചയ്ക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ജയന്റ്സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സൂപ്പര്‍ കിംഗ്സ് 19.1 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്ത് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ക്യാപ്റ്റന്‍ ഡുപ്ലെസിയുടെ സെഞ്ചുറിയാണ് കിംഗ്സിന്റെ വിജയം അനായാസമാക്കിയത്.
58 പന്തുകള്‍ നേരിട്ട ഡുപ്ലെസി എട്ടുവീതം സിക്സും ഫോറുകളും സഹിതം 113 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
ഇനി കാര്യത്തിലേക്ക് വരാം, എതിര് നിരയില്‍ ഏറ്റവും കൂടുതല്‍ തല്ലുവാങ്ങിയ താരങ്ങളിലൊരാള്‍ ഡുപ്ലെസിയുടെ സ്വന്തം ‘ അളിയന്’ ഹാര്‍ദസ് വില്‍ജോന്‍ ആയിരുന്നു. 3.1 ഓവറില്‍ 41 റണ്‍സാണ് വില്‍ജോന്‍ വഴങ്ങിയത്.
അതില്‍ 21 റണ്‍സും ഇന്നിംഗ്സിന്റെ 15-ാം ഓവറില്‍ ഡുപ്ലെസി അടിച്ചെടുത്തതായിരുന്നു. ഇതു പോരാഞ്ഞ് അവസാന ഓവറിന്റെ ആദ്യ പന്തില്‍ സിക്സറടിച്ച് വിജയം ആഘോഷിക്കുമ്പോഴും ഇര ‘വില്‍ജോന്‍ അളിയന്’ തന്നെയായിരുന്നു. ലോകത്ത് ഒരു അളിയനും ഈ ഗതി വരുത്തരുതേയെന്നാണ് ആരാധകര്‍ സംഭവത്തില്‍ കമന്റ് ചെയ്യുന്നത്.
2019ലാണ് ഡുപ്ലെസിയുടെ സഹോദരി റെമി റൈനേഴ്സിനെ വില്‍ജോന്‍ വിവാഹം ചെയ്തത്.
പണ്ട് ഇവരുടെ വിവാഹ സമയത്ത് ഡുപ്ലെസി പറഞ്ഞ ഒരു കമന്റ് വൈറലായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി20 ലീഗായ മാന്‍സി സൂപ്പര്‍ ലീഗിനിടെയായിരുന്നു ഡുപ്ലെസിയുടെ തമാശ നിറഞ്ഞ ഈ പരാമര്‍ശം.
ലീഗില്‍ പാള്‍ റോക്സിന്റെ നായകനായ ഡുപ്ലേസി, നെല്‍സണ്‍ മണ്ടേല ബേ ജയന്റ്സിനെതിരായ മത്സരത്തിനു മുന്നോടിയായി ടോസിങ്ങിനെത്തിയപ്പോഴാണ് രസകരമായ ഈ ‘വൈറല്‍ പരാമര്‍ശം’ നടത്തിയത്.
മത്സരത്തിനു മുന്നോടിയായി ടോസിംഗിനായി ഡുപ്ലേസിയും ബേ ജയന്റ്സ് ക്യാപ്റ്റന്‍ ട്രവര്‍ സ്മുട്സും കളത്തിലെത്തി. ടോസ് നേടിയത് സ്മുട്സ്.
ഫീല്‍ഡിങ് തിരഞ്ഞെടുക്കുന്നതായി അറിയിച്ച് സ്മുട്സ് പവലിയനിലേക്കു മടങ്ങി. തുടര്‍ന്ന് അവതാരകന് ഡുപ്ലേസിയുടെ നേര്‍ക്ക് മൈക്ക് നീട്ടി. ടീമില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് ആരാഞ്ഞു.
ഡുപ്ലേസിയുടെ മറുപടി ഇങ്ങനെയായിരുന്നു…’ഒരു മാറ്റമുണ്ട്. വില്‍ജോയന്‍ ഇന്ന് കളിക്കുന്നില്ല. അദ്ദേഹം എന്റെ പെങ്ങള്‍ക്കൊപ്പം കിടക്കയിലാണ്’
ഡുപ്ലേസിയുടെ മറുപടി കേട്ട് ആദ്യം അമ്പരന്ന അവതാരകന് പിന്നീട് പൊട്ടിച്ചിരിയോടെയാണ് പ്രതികരിച്ചത്.
എന്തായാലും ഡുപ്ലേസിയുടെ മറുപടിയും അതിന്റെ വീഡിയോയും അന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഡുപ്ലേസിയുടെ മറുപടിക്കു ചുവടുപിടിച്ചു പോയ ആരാധകര്‍ക്ക് കാര്യങ്ങളുടെ കിടപ്പ് പതിയെ മനസ്സിലായി.
ദക്ഷിണാഫ്രിക്കന്‍ താരം ഹാര്‍ദസ് വില്‍ജോനും ഡുപ്ലേസിയുടെ സഹോദരി റെമി റൈനേഴ്സും തമ്മില്‍ പ്രണയത്തിലായിരുന്നു.
അവരുടെ വിവാഹം മേല്‍പ്പറഞ്ഞ മത്സരത്തിന്റെ തൊട്ടുതലേന്നുമായിരുന്നു. വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ മത്സരത്തിന് വില്‍ജോന്‍ ഉണ്ടാകില്ലെന്നാണ് ഡുപ്ലേസി സരസമായി പറഞ്ഞത്.
2016ല്‍ ദക്ഷിണാഫ്രിക്കന്‍ ജഴ്സിയില്‍ അരങ്ങേറ്റം കുറിച്ച ടെസ്റ്റ് മത്സരത്തില്‍ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് വീഴ്ത്തിയ താരമാണ് വില്‍ജോന്‍. മുന്‍ ഇംഗ്ലണ്ട് ഓപ്പണര്‍ അലസ്റ്റയര്‍ കുക്കിനെയാണ് അന്ന് വില്‍ജോന്‍ മടക്കിയത്. ഈ നേട്ടം കൈവരിക്കുന്ന 20-ാമത്തെ മാത്രം താരവുമായിരുന്നു അദ്ദേഹം.