തൃശൂർ: പാന്‍കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫോണിലേക്ക് ബാങ്കിന്റെ പേരിൽ വ്യാജ ലിങ്ക് എസ്എംഎസ് മുഖാന്തിരം അയച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന കോൽക്കത്ത സ്വദേശി അറസ്റ്റിൽ.
കോൽക്കത്ത സ്വദേശി ബെഹല മൊണ്ടാൽ പരാ റോഡിൽ സൈമൺലാലിനെയാണ് (28) തൃശൂർ റൂറൽ പോലീസ് പിടികൂടിയത്.
പാന്‍കാര്‍ഡ് അപ്ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് ബ്ളോക്ക് ആകുമെന്നും കാണിച്ച് ഫോണിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വ്യാജ ലിങ്ക് എസ്എംഎസ് മുഖാന്തിരം അയച്ച് കൊടുത്ത് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് സൈമൺ ലാലെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ 16നാണ് കേസിനാസ്പദമായ സംഭവം.തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയും മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ നിധിൻ എന്നയാളുടെ അഞ്ചര ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.
നിധിന്റെ ഫോണിലേക്ക് പാൻകാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന് കാണിച്ച് എസ്ബിഐ ബാങ്കിന്റെ പേരിൽ ലിങ്ക് എസ്എംഎസ് ആയി വന്നിരുന്നു.
ആ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ എസ്ബിഐ യോനോയുടേതെന്ന് തോന്നിക്കുന്ന വെബ്സൈറ്റ് തുറന്ന് വരികയായിരുന്നു. ഒറിജിനൽ സൈറ്റാണെന്ന് ധരിച്ച് പരാതിക്കാരൻ തന്റെ യോനോയുടെ യൂസർ നെയിമും പാസ്വേഡും ഫോണിലേക്ക് വന്ന ഒടിപി യും വ്യാജ സൈറ്റിൽ എന്റര്‍ ചെയ്യുകയായിരുന്നു.
അടുത്ത നിമിഷം തന്നെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അഞ്ചര ലക്ഷം രൂപ പിൻവലിച്ചതായ സന്ദേശം പരാതിക്കാരന് വന്നു. അപ്പോഴാണ് താൻ വിവരങ്ങൾ നല്കിയ സൈറ്റ് വ്യാജമാണെന്ന് പരാതിക്കാരന് മനസിലായത്.
ഇയാൾ പിന്നീട് ഇരിങ്ങാലക്കുടയിലുള്ള തൃശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ വിദഗ്ധരടങ്ങിയ ടീം രൂപികരിച്ച് അന്വേഷണം ആരംഭിക്കുകയും അന്വേഷണത്തിൽ പരാതിക്കാരന്റെ പണം നഷ്ടപ്പെട്ടത് ഫ്ളിപ്പ്കാർട്ട് വഴിയുള്ള ഓൺലൈൻ പർച്ചേയ്സിലൂടെയായിരുന്നുവെന്ന് മനസ്സിലാവുകയും ചെയ്തു.
പ്രതികൾ നിധിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സാംസങ്ങിന്റെ 1,60,000 രൂപ വിലവരുന്ന മൂന്ന് മൊബൈൽ ഫോണുകളും 25,000 രൂപ വിലവരുന്ന മറ്റ് രണ്ട് മൊബൈൽ ഫോണുകളും ഇയർബഡുകളും ഓൺലൈനിലുടെ പർച്ചെയ്സ് ചെയ്തു.
പ്രതികൾ പിടിക്കപ്പെടാതിരിക്കാൻ മെസേജ് അയച്ച ഫോണുകൾ ഉപയോഗിക്കാതെ കൊൽക്കത്തയിലുള്ള മൊബൈൽ ഷോപ്പുകൾ മുഖാന്തിരം മറ്റുവള്ളവർക്ക് മറിച്ച് വിറ്റ് പണം സമ്പാദിക്കുകയായിരുന്നു.
ഓൺലൈൻ പർച്ചേയ്സിന്റെ വിവരങ്ങൾ അന്വേഷണ സംഘം ഫ്ളിപ്പ്കാർട്ടിൽ നിന്ന് ശേഖരിച്ച് പരിശോധിച്ചപ്പോൾ തട്ടിപ്പിന്റെ സൂത്രധാരൻ ജാർഖണ്ഡ് കേന്ദ്രമാക്കി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ സ്ഥിരം ചെയ്യുന്നയാളാണെന്ന് കണ്ടെത്തുകയും ഇവർ ഓൺലൈനിൽ വാങ്ങുന്ന ഫോണുകൾ കോൽക്കത്ത കേന്ദ്രമാക്കിയാണ് വിൽപ്പന നടത്തിവരുന്നതെന്നും കണ്ടെത്തി.
തുടർന്ന് അന്വേഷണ സംഘം രണ്ട് ടീമുകളായി തിരിഞ്ഞ് ജാർഖണ്ഡിലും കോൽക്കത്തയിലും രണ്ടാഴ്ച്ച താമസിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്.