ഒന്നര വയസുമുതല്‍ സാബു നടന്നിട്ടില്ല, എങ്കിലും സാബു ഓടിയെത്തും, യാത്രക്കാര്‍ക്കു തുണയായി, വിധിയെ പഴിക്കാതെ ലോകത്തെ അതിശയിപ്പിക്കുന്ന സാബുവിനെക്കുറിച്ചറിയാം

sabuഒന്നര വയസു മുതല്‍ സാബു നടന്നിട്ടില്ല. പോളിയോ ബാധിച്ച് തളര്‍ന്ന കാലുകളെ നോക്കി നിസഹായതയോടെ വിധിയെ പഴിച്ചു കഴിഞ്ഞതുമില്ല. വഴിയില്‍ ടയര്‍ പഞ്ചറായി യാത്ര മുടങ്ങുന്നവര്‍ ഒന്നു ഫോണില്‍ വിളിക്കേണ്ട താമസമേയുള്ളു. ജില്ലയില്‍ എവിടെയാണെങ്കിലും സാബു എത്തും. തന്റെ സ്കൂട്ടറിന്റെ ബോക്‌സിലെ പണി ഉപകരണങ്ങളെടുത്ത് ടയര്‍ മാറ്റി പഞ്ചറൊട്ടിച്ച് സന്തോഷത്തോടെ കൂലി വാങ്ങി ശുഭയാത്ര നേരും.

നാല്‍പ്പത്തഞ്ചുകാരനായ കോട്ടയം പാലാ മരങ്ങാട്ടുപിള്ളി പടിഞ്ഞാറേതടത്തില്‍ സാബുവിന്റെ ജീവിതം അംഗവിഹീനതയുടെ തടവറയില്‍ കേഴുന്നവര്‍ക്ക് പ്രതീക്ഷയുടെ പച്ചപ്പുകൂടിയാണ്. എരുമേലിയിലും പൊന്‍കുന്നത്തും ഏറ്റുമാനൂരും സ്വന്തം നാടായ പാലായിലുമെല്ലാം മൊബൈല്‍ പഞ്ചര്‍ മെക്കാനിക്കിന്റെ വേഷത്തില്‍ സംതൃപ്തി നിറഞ്ഞ മുഖത്തോടെ സാബുവിനെ കാണാം.

നിലത്തിരുന്ന് നിരങ്ങിയേ സാബുവിന് ചലിക്കാനാവൂ. എന്നാല്‍, സ്വന്തം വീടിന്റെ പറമ്പില്‍ വാഴയും പച്ചക്കറിയുമൊക്കെ നട്ടുപിടിപ്പിക്കാന്‍ ഇതൊന്നും തടസമായില്ല. വീടിനടുത്ത് സ്കൂളുണ്ടായിട്ടും നടക്കാന്‍ കഴിയാത്തതിനാല്‍ പഠിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, യുവാവായപ്പോള്‍ വിജയപുരം രൂപതയുടെ കീഴില്‍ തൊഴില്‍പഠനം തുടങ്ങി. നിലത്തിരുന്നുകൊണ്ട് ചെയ്യാവുന്ന ഓട്ടോറിക്ഷയുടെ തകിട് പണികള്‍ പഠിച്ചു. നാട്ടില്‍ പാതയോരത്തെ പെട്ടിക്കട നടത്തി വരുമാനം നേടുന്നതുകൂടാതെ വര്‍ക്ക് ഷോപ്പുകളില്‍ പോയി പണികള്‍ ചെയ്തു.

കഴിഞ്ഞയിടെ പെട്ടിക്കട പഞ്ചായത്തധികൃതര്‍ പൊളിച്ചുനീക്കി. പകരം മാര്‍ക്കറ്റില്‍ നല്‍കാമെന്നറിയിച്ച കടമുറിക്ക് കരുതല്‍ തുകയായി കാല്‍ ലക്ഷം രൂപ നല്‍കണം. നിര്‍ധനനായ സാബുവിന്റെ വിഷമം കണ്ട് മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ സ്കൂള്‍ ഉടമ സന്തോഷ് ജോര്‍ജ് കുളങ്ങരയാണ് പുത്തന്‍ ആക്ടിവ സ്കൂട്ടര്‍ വാങ്ങി നല്‍കിയത്. ഡ്രൈവിംഗ് ലൈസന്‍സ് നേടി മൊബൈല്‍ പഞ്ചര്‍ റിപ്പയറായി മാറിയതോടെ ഒരിക്കല്‍ സേവനം തേടിയവര്‍ ഫോണ്‍ നമ്പര്‍ കൈമാറി. ഇപ്പോള്‍ നൂറില്‍പരം സ്ഥിരം കസ്റ്റമേഴ്‌സുണ്ട് സാബുവിന്. ദിവസം കുറഞ്ഞത് 600 രൂപ വരെ വരുമാനം നേടുന്നു. മാതാവ് കത്രീനയുമായി അനുജന്‍ സണ്ണിയുടെ കുടുംബത്തിനൊപ്പമാണ് താമസം. തൊഴിലിനോടൊപ്പം പുകയിലയ്ക്കും മദ്യത്തിനുമെതിരേ സന്ദേശ പ്രചാരണം നടത്തണമെന്ന ആഗ്രഹത്തിലാണ് അവിവാഹിതനായ സാബു. ഫോണ്‍: 9744853189.

Related posts