ശ്രീകണ്ഠപുരം: വിവാഹ റിസപ്ഷൻ നടക്കുന്നതിനിടെ നവ വധുവിന്റെ മൊബൈൽ ഫോൺ കവർന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ.
ധർമശാല തളിയിൽ സ്വദേശി കാരി പ്രവീണി (22) നെയാണ് ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ.പി. സുരേശൻ, എസ്ഐ വില്ലി എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. ചുഴലി അടിച്ചിക്കാമലയിൽ വരന്റെ വീട്ടിൽ വിവാഹത്തിന് ശേഷം നടന്ന റിസപ്ഷൻ ചടങ്ങിനിടെയാണ് 17,000 രൂപ വിലയുള്ള ഫോൺ മോഷണം പോയത്.
കിടപ്പുമുറിയിലെ മേശ വലിപ്പിൽ സൂക്ഷിച്ചതായിരുന്നു ഫോൺ. റിസപ്ഷൻ ചടങ്ങ് കഴിഞ്ഞ ശേഷം വധു നോക്കിയപ്പോഴാണ് ഫോൺ മോഷണം പോയതായി അറിയുന്നത്.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
വിവാഹ റിസപ്ഷനിൽ പങ്കെടുത്ത ശേഷം വീടിനുള്ളിൽ കയറിയ പ്രവീൺ ഫോൺ കവരുകയായിരുന്നു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.