കെയ്റോ: ഈജിപ്റ്റിലെ പുരാവസ്തുഗവേഷകർ അടുത്തിടെ തങ്ങൾ കണ്ടെത്തിയ മമ്മിയുമായി ബന്ധപ്പെട്ടു പുറത്തുവിട്ട റിപ്പോർട്ട് ആരെയും അത്ഭുതപ്പെടുത്തും!
പൂര്‍ണമായും സ്വര്‍ണത്തിന്റെ പാളികളില്‍ പൊതിഞ്ഞനിലയില്‍ ഒരു മമ്മി കണ്ടെത്തിയിരിക്കുന്നു, പഴക്കം 4300 വര്‍ഷം! ഈജിപ്റ്റിന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കം ചെന്ന മമ്മിയാണിത്, അതുപോലെ പൂര്‍ണതയുള്ളതും!
നിരവധി അവശിഷ്ടങ്ങളും മമ്മിയോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. കെയ്റോയില്‍നിന്ന് 19 മൈല്‍ അകലെ സ്റ്റെപ്പ് പിരമിഡ്സിനു സമീപം നടത്തിയ ഖനനത്തിനിടെയാണ് ഏറ്റവും പഴക്കമുള്ള “ഹെകാഷെപ്സ്’ എന്ന് വിളിക്കപ്പെടുന്ന പുതിയ മമ്മി കണ്ടെത്തിയത്.
അഞ്ചാമത്തെയും ആറാമത്തെയും രാജവംശത്തിന്റെ ശവകുടീരങ്ങളില്‍ നടന്ന ഖനനത്തിനിടെ പിരമിഡിനു സമീപമുള്ള തൂണിന്റെ അന്‍പത് അടി താഴ്ചയിലായിരുന്നു സ്വര്‍ണത്തില്‍ പൊതിഞ്ഞ മമ്മി.
സര്കോഫഗസ് ചുണ്ണാമ്പ് കല്ലിന്റെ വാതില്‍കൊണ്ടു നിര്‍മിച്ച ശിലാനിര്‍മിതമായ ശവപ്പെട്ടിയിലാണ് മമ്മി അടക്കം ചെയ്തിരുന്നതെന്ന് ഈജിപ്റ്റിലെ പുരാവസ്തുവകുപ്പു മുന്‍ മന്ത്രിയും ഇപ്പോള്‍ ഗവേഷകസംഘത്തിന്റെ തലവനുമായ സഹി ഹവാസ് പറഞ്ഞു.
അഞ്ചാം രാജവംശത്തിലെ ഫറവോയായ ഉനാസിന്റെ ഭരണകാലത്തെ പ്രഭുക്കന്മാരുടെ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന, പുരോഹിതന്കൂടിയായ ഖുംഡിജെദ്എഫിന്റേതാണ് ഈ മമ്മിയെന്ന് കരുതുന്നു.
ഭരണരഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനും കൊട്ടാരത്തിലെ പ്രധാനിയുടെ സഹായിയുമായ മെറി എന്ന ഉദ്യോഗസ്ഥന്റെ ശവകുടീരവും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
മമ്മിയോടൊപ്പം ശിലാപ്രതിമകള്‍, രക്ഷാകവചങ്ങള്‍, കല്പ്പാത്രങ്ങള്, നിത്യോപയോഗത്തിനുള്ള ഉപകരണങ്ങള്‍, മണ്‍പാത്രങ്ങള്‍, ദേവതകളുടെ പ്രതിമകള്‍ തുടങ്ങിയവയും ഗവേഷകര്‍ക്കു ലഭിച്ചു. ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണെന്ന് ഗവേഷകര്‍ പറഞ്ഞു.