തൊടുപുഴ: നാലുനാൾ നീണ്ട ആശങ്കയ്ക്കു വിരാമമിട്ട് ഇടവെട്ടി നടയം മരവെട്ടിച്ചുവടിനു സമീപം കുടുംബത്തിനു ഭീഷണിയായി വിലസിയിരുന്ന മൂർഖൻ പാന്പുകളെ പിടികൂടി.
ഇതോടെ ദിവസങ്ങളായി നിലനിന്നിരുന്ന ഭീതിയൊഴിഞ്ഞ ആശ്വാസത്തിലാണു മരവെട്ടിച്ചുവട് മുട്ടത്തിൽപുത്തൻപുരയിൽ തങ്കച്ചനും നാട്ടുകാരും.
ജില്ലാ കളക്ടറുടെ ഇടപെടലിനെത്തുടർന്ന് പാന്പിനെ പിടിക്കാൻ ലൈസൻസുള്ള ഈരാട്ടുപേട്ട സ്വദേശി നസീബെത്തിയാണ് ഇവയെ പിടികൂടിയത്.
നാലു ദിവസമായി സ്ഥലത്തു തന്പടിച്ചിരുന്ന പാന്പുകൾ ആളുകൾ കൂടിയതോടെ ഞായറാഴ്ച രാവിലെ വീടിനു മുന്നിലെ മാളത്തിൽ കയറുകയായിരുന്നു.
വനംവകുപ്പിനെ വിവരം അറിയിച്ചെങ്കിലും ഇവർ പ്രശ്നത്തിൽ ഇടപെട്ടില്ല. പാന്പുകൾ വീടിനു പരിസരത്തുതന്നെ നിലയുറപ്പിച്ചതിനാൽ വീട്ടുകാർ രാത്രിയും ഉറക്കമില്ലാതെ ഭീതിയോടെ കഴിയുകയായിരുന്നു.
ഇതിനിടെ, നാട്ടുകാർ ഇടപെട്ട് ജില്ലാ കളക്ടറെ വിവരം അറിയിക്കുകയും മാധ്യമങ്ങളിൽ വാർത്ത വരികയും ചെയ്തോടെയാണ് നടപടിയുണ്ടായത്. ഇന്നലെ വനംവകുപ്പ്, പഞ്ചായത്തധികൃതർ സ്ഥലത്തെത്തി.
പാന്പുകളെ പിടികൂടാൻ പഞ്ചായത്ത് റോഡിന്റെ സംരക്ഷണഭിത്തി പൊളിക്കുന്നതു തടസമായപ്പോൾ പ്രസിഡന്റ് ഷീജ നൗഷാദ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.
ആദ്യം ഇതിനു മുകളിലായി വല വിരിച്ചെങ്കിലും പാന്പ് മാളത്തിൽനിന്നു ഇറങ്ങാത്തതിനാൽ പിടിക്കാനായില്ല. ഇന്നലെ ഉച്ചയ്ക്കുശേഷം മണ്ണുമാന്തി യന്ത്രമെത്തിച്ച് വീടിനു മുന്നിലെ പൂന്തോട്ടത്തോടു ചേർന്ന സംരക്ഷണഭിത്തി പൊളിച്ചു.
തുടർന്ന് ആറും നാലും അടി നീളമുള്ള പാന്പുകളെ പിടികൂടുകയായിരുന്നു.പിടികൂടിയ പാന്പുകളെ കുളമാവ് വനത്തിൽ തുറന്നുവിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, വാർഡ് മെംബർ, ബിന്ദു ശ്രീകാന്ത്, പന്നിമറ്റം ഫോറസ്റ്റ് സെക്ഷനിലെ ഉദ്യോഗസ്ഥൻ പ്രദീപ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
പൊളിച്ച കെട്ട് പുനർനിർമിക്കാൻ ആവശ്യമായ തുക ഇന്ന് എഇ എത്തി പരിശോധിച്ചശേഷം അനുവദിക്കുമെന്ന് പ്രസിഡന്റും വഴി ഉടൻതന്നെ കോണ്ക്രീറ്റ് ചെയ്യുമെന്ന് വാർഡ് അംഗവും അറിയിച്ചു.