കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽനിന്ന് വൻതുക വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനോട് കേരള ബാർ കൗണ്‍സിൽ വിശദീകരണം തേടും.
സൈബിക്കെതിരായ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെ ചില അഭിഭാഷകർ കേന്ദ്ര നിയമമന്ത്രിക്ക് പരാതി നൽകിയിരുന്നു.
തുടർന്ന് നിയമമന്ത്രാലയം ഈ പരാതി തുടർനടപടിക്കായി കേരള ബാർ കൗണ്‍സിൽ ചെയർമാന് അയച്ചു നൽകി. ഇതിനു പുറമേ വിജിലൻസ് രജിസ്ട്രാർ നൽകിയ റിപ്പോർട്ട് സ്വീകരിച്ച ഹൈക്കാടതി ഫുൾകോർട്ട് യോഗം ഡിജിപിയിൽനിന്ന് റിപ്പോർട്ടു തേടിയ സാഹചര്യവും കണക്കിലെടുത്ത് ഇന്നലെ ബാർ കൗണ്‍സിൽ അടിയന്തര യോഗം ചേർന്നു.
ഈ യോഗത്തിലാണ് സൈബിയോടു വിശദീകരണം തേടാൻ തീരുമാനിച്ചത്. കേന്ദ്ര നിയമമന്ത്രാലയത്തിൽനിന്ന് ലഭിച്ച കത്തിൽ പരാതിക്കാരെക്കുറിച്ച് വിവരമില്ലാത്തതിനാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് മന്ത്രാലയത്തോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനിക്കുകയുണ്ടായി.
കേസിൽ അന്വേഷണം നടത്തുന്നതു സംബന്ധിച്ച തുടർ നടപടികൾക്കായി സംസ്ഥാന പോലീസ് മേധാവി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്.
നേരത്തെ ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ കത്തിനെത്തുടർന്ന് ഡിജിപി എറണാകുളം സിറ്റി പോലീസ് കമ്മിഷണർ കെ. സേതുരാമനോടു പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിരുന്നു.
ഇതനുസരിച്ച് സാക്ഷിമൊഴികളടക്കം പരിശോധിച്ച സിറ്റി പോലീസ് കമ്മിഷണർ വിശദമായ അന്വേഷണം അനിവാര്യമാണെന്നാണ് പ്രാഥമിക റിപ്പോർട്ടു നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിൽ വ്യക്തത വരുത്താനാണ് സംസ്ഥാന പോലീസ് മേധാവി അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പിന്റെ നിയമോപദേശം തേടിയത്.
ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് പി. വി. കുഞ്ഞികൃഷ്ണൻ, ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് സിയാദ് റഹ്മാൻ എന്നിവർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽനിന്ന് സൈബി ജോസ് കിടങ്ങൂർ 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.
ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്ന ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ പരാതിയിൽ ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ അന്വേഷണം നടത്താൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നടപടി വേണമെന്നും വ്യക്തമാക്കി വിജിലൻസ് രജിസ്ട്രാർ റിപ്പോർട്ടു നൽകി. തുടർന്നാണ് ഈ വിഷയത്തിൽ തുടർ നടപടിക്കായി ഹൈക്കോടതി രജിസ്ട്രാർ ഡിജിപിക്ക് കത്തുനൽകിയത്.