തിരുവനന്തപുരം: ന്യൂഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് ശമ്പളം വേണ്ടെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്കി. ശമ്പളത്തിന് പകരം ഓണറേറിയം അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെയാണ് ഡൽഹിയിൽ ഇദ്ദേഹത്തെ നിയമിച്ചത്. ശന്പളം വേണ്ടെ ന്നും ഓണറേറിയം മതിയെന്നും മാത്രമല്ല വിമാനയാത്രക്ക് കുറഞ്ഞ ക്ലാസിലുള്ള ടിക്കറ്റ് മതിയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അദ്ദേഹം സർക്കാരിന് നൽകിയ കത്തിൽ വ്യക്തമാക്കുന്നത്.
കത്ത് ധനവകുപ്പിന്റെ പരിഗണനക്ക് വിട്ടു. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.
ഈ മാസം പതിനെട്ടിന് ചേർന്ന മന്ത്രിസഭാ യോഗമാണ് കെ.വി.തോമസിനെ ഡൽഹിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിക്കാൻ തീരുമാനിച്ചത്. നേരത്തെ എ. സന്പത്ത് വഹിച്ചിരുന്ന പദവിയായിരുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പാർട്ടിയുടെ നിർദേശം അവഗണിച്ച് കൊണ്ട ് എൽഡിഎഫിന്റെ സെമിനാറിൽ പങ്കെടുത്തതിനെ തുടർന്ന് കോണ്‍ഗ്രസ് പാർട്ടി ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെട്ടതോടെ കെ.വി. തോമസിനെ എൽഡിഎഫും അവഗണിച്ചുവെന്ന് കോണ്‍ഗ്രസുകാർ പരിഹസിച്ചിരുന്നു.
ഇതേ തുടർന്നാണ് ഏറെ മാസങ്ങൾക്ക് ശേഷം എൽഡിഎഫ് സർക്കാർ കെ.വി. തോമസിന് ഡൽഹിയിൽ കാബിനറ്റ് റാങ്കോടെ നിയമനം നൽകിയത്.
അതേ സമയം തന്റെ അനുഭവ സന്പത്ത് കേരളത്തിന്റെ വികസനത്തിനായി വിനിയോഗിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.