സ്കോട്ലന്‍ഡിലെ സെന്റ് ആന്‍ഡ്രു സര്‍വകലാശാലാ ഗവേഷകര്‍ അടുത്തിടെ പുറത്തുവിട്ട പഠനങ്ങള്‍ ആരിലും അത്ഭുതമുളവാക്കുന്നതാണ്.
മനുഷ്യരുടെയും കാട്ടുകുരങ്ങുകളുടെയും ആംഗ്യഭാഷയെക്കുറിച്ചു നടത്തിയ പഠനമാണ് ശാസ്ത്രലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്.
ചിമ്പാന്‍സികളും ബോണോബോസും ആശയവിനിമയത്തിനു മനുഷ്യര്‍ ഉപയോഗിക്കുന്നതിനു സമാനമായ ആംഗ്യങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നു ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ചിമ്പാന്‍സികളുടെയും ബോണോബോസിന്റെയും തനത് ആവാസവ്യവസ്ഥയില്‍നിന്നു ചിത്രീകരിച്ച വീഡിയോ അടിസ്ഥാനമാക്കിയായിരുന്നു പഠനം.
സ്കൂള്‍ ഓഫ് സൈക്കോളജി ആന്‍ഡ് ന്യൂറോസയന്‍സിലെ ഡോ. ക്രിസ്റ്റി ഗ്രഹാം, ഡോ. കാതറിന് ഹൊബെയ്റ്റര്‍ എന്നിവരാണ് പഠനത്തിനു നേതൃത്വം നല്‍കിയത്. പിഎല്‍ഒഎസ് എന്ന ശാസ്ത്ര ജേണലാണ് പഠനം പ്രസിദ്ധീകരിച്ചത്. 5,500 ആളുകൾ പഠനവുമായി സഹകരിച്ചു.
ചിമ്പാന്‍സികളുടെയും ബോണോബോസിന്റെയും ആംഗ്യങ്ങളുടെ വീഡിയോ കണ്ടവരില്‍ അമ്പതു ശതമാനത്തോളം പേര്‍ക്കും തത്സമയംതന്നെ കുരങ്ങന്മാര് നടത്തിയ ആംഗ്യങ്ങളുടെ അര്‍ഥം മനസിലാക്കാന്‍ കഴിഞ്ഞു.
മനുഷ്യര്‍ തമ്മില്‍ ആശയവിനിമയത്തിനായി ഉപയോഗിക്കാറുള്ള ആംഗ്യങ്ങളും ശരീരഭാഷകളും ചിമ്പാന്‍സികളും ബോണോബോസും ഉപയോഗിക്കുന്നുണ്ട്. മനുഷ്യനും കുരങ്ങിനും പൊതുവായ ചില ആംഗ്യങ്ങളുണ്ടെന്നും പഠനം തെളിയിക്കുന്നു.
ചിമ്പാന്‍സികള്‍ക്കും ബോണോബോസിനും പുറമെ, ഗൊറില്ലകള്‍, ഒറാംഗുട്ടാന് ഉള്‍പ്പെടെയുള്ള വലിയ ഇനം കുരങ്ങുകള്‍ക്കും ആംഗ്യആശയവിനിമയരീതികള് ഉണ്ടെന്നും ഇവയെല്ലാം മനുഷ്യര്‍ ഉപയോഗിക്കുന്നതുമായി സാദൃശ്യമുള്ളവയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
മനുഷ്യക്കുഞ്ഞുങ്ങള്‍ ഉപയോഗിക്കുന്ന അതേരീതിയിലുള്ള ആംഗ്യങ്ങള്‍ കുരങ്ങുകള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തി. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പഠനമാണ് ക്രിസ്റ്റിയും കാതറിനും നടത്തിയത്.
ആശയവിനിമയത്തിന് കാട്ടുകുരങ്ങുകള്‍ ഉപയോഗിക്കുന്ന എണ്‍പതിലേറെ ആംഗ്യങ്ങള്‍ ഇവരുവരും കണ്ടെത്തിയിട്ടുണ്ട്.
പരിണാമഘട്ടത്തില്‍ മനുഷ്യനോട് ഏറ്റവുമടുത്തുള്ള ജീവിവര്‍ഗമാണ് കുരങ്ങ്.
ഇവയുടെ ആശയവിനിമയരീതികള്‍ പഠനവിധേയമാക്കി മനുഷ്യഭാഷയുടെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനുള്ള പ്രാഥമിക പഠനമാണ് ക്രിസ്റ്റിയും കാതറിനും നടത്തിയത്.