മുളങ്കുന്നത്തുകാവ്: തിരൂരിൽ പുലർച്ചെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് സ്വർണമാല കവർന്ന മോഷ്ടാവിനെ പോലിസ് പിടികൂടി.
തിരൂർ കിഴക്കേ അങ്ങാടി ആലപ്പാടൻ വീട്ടിൽ ജോഷിയുടെ ഭാര്യ സീമയുടെ രണ്ടര പവന്റെ സ്വർണമാല കവർന്ന കേസിലാണ് പ്രതി കൂമൻ ജോളിയെന്ന് വിളിക്കുന്ന മലയാറ്റൂർ നീലേശ്വരം സ്വദേശി പുതുശേരി വീട്ടിൽ ജോളി വർഗീസിനെ (44)) വിയ്യൂർ പോലീസും സിറ്റി കമ്മീഷണറുടെ കീഴിലുള്ള ടീമും ചേർന്ന് പിടികൂടിയത്.
ഇക്കഴിഞ്ഞ ജനുവരി 24ന് പുലർച്ചെ അഞ്ചരയോടെയാണ് അടുക്കളയിൽ ചക്ക വെട്ടി ഒരുക്കുന്നതിനിടെ വീട്ടമ്മയെ പുറകിൽ നിന്നും മുഖം പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്തത്.
മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാവിന്റെ വിരലിൽ വീട്ടമ്മ കടിക്കുകയും വിരൽ വലിച്ചെടുക്കുന്നതിനിടെ വീട്ടമ്മയുടെ ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
പരിസരത്തെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച പോലിസ് മുന്പും പല കേസുകളിലും പ്രതിയായ മോഷ്ടാവിനെ തിരിച്ചറിയുകയും,
ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച് ഒടുവിൽ വലയിൽ കുടുക്കുകയുമായിരുന്നു. കവർച്ചക്ക് ശേഷം പരിസരത്ത് തന്നെ ചുറ്റിക്കറങ്ങിയ മോഷ്ടാവ് തിരൂർ പള്ളിയിൽ രാവിലെ കുർബാനക്ക് എത്തിയവർക്കിടയിലൂടെ ആർക്കും സംശയം തോന്നിപ്പിക്കാതെ നടക്കുകയും ചെയ്തിരുന്നു.