കൊച്ചി: പോലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് വൃദ്ധയെ ഭീഷണിപ്പെടുത്തി സ്വർണം കവർന്ന സംഘത്തിൽ അറസ്റ്റിലായ നാലു പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബൈക്കിൽ രക്ഷപ്പെട്ട മറ്റൊരാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി
. കർണാടക ബിദാർ ചിദ്രി റോഡ് ബദ്രോദിൻ കോളനിയിൽ അസദുള്ള അഫ്സൽ അലി ഖാൻ(33), കർണാടക ബിദാർ ചിദ്രി റോഡ് ഹ്സൈനി കോളനി ടക്കി അലി(41), ഹ്സൈനി കോളനി മുഹമ്മദ് അൽ(22), അസകർ അൽ(41) എന്നിവരെയാണ് അതിസാഹസികമായി എറണാകുളം സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി മുളവുകാട് കണ്ടെയ്നർ റോഡിൽ ടോൾ പ്ലാസയ്ക്ക് സമീപം കാർ തടഞ്ഞാണ് കീഴ്പ്പെടുത്തിയത്. കണ്ടെയ്നർ ലോറി കുറുകെയിട്ട് പ്രതികൾ സഞ്ചരിച്ച ഗുജറാത്ത് രജിസ്ട്രേഷനുള്ള കാർ തടയുകയായിരുന്നു.
കാർ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ കാർ ബൈക്കിലിടിച്ചു. തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയ പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടി.
ഈ സമയം ബൈക്കിൽ സഞ്ചരിച്ചിരുന്ന പ്രതികളിലൊരാളാണ് രക്ഷപ്പെട്ടത്. ഇവർ സഞ്ചരിച്ച കാറിൽ നിന്ന് പോലീസ് യൂണിഫോം, തൊപ്പി എന്നിവ കണ്ടെത്തി. തൃശൂരിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന് കൊച്ചിയിലേക്ക് വരുംവഴിയാണ് ഇവർ പോലീസ് പിടിയിലായത്.
കവർച്ച നടത്തുന്നത് പോലീസ് എന്ന്ഭീഷണിപ്പെടുത്തി
പോലീസെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി സ്ത്രീകളുടെ ആഭരണങ്ങൾ കവരുന്നതായിരുന്നു സംഘത്തിന്റെ രീതി. കഴിഞ്ഞ 16ന് എറണാകുളം സൗത്ത് ഓവർ ബ്രിഡ്ജിന് സമീപത്തെ റോഡിൽ വച്ചായിരുന്നു മരട് സ്വദേശിനിയായ വൃദ്ധയുടെ ഏഴു പവൻ സ്വർണം സംഘം കവർന്നത്.
പോലീസിന്റേതെന്നു തോന്നിക്കുന്ന വ്യാജ ഐഡി കാർഡ് കാണിച്ച ശേഷം വൃദ്ധ മാസ്ക് വയ്ക്കാത്തത് ചോദ്യം ചെയ്ത സംഘം ഇവരുടെ ആഭരണങ്ങൾ ഊരിവാങ്ങുകയായിരുന്നു.
മാലയും വളയും മോതിരവും ഊരിവാങ്ങിയ ശേഷം കവർച്ചാ സംഘം സ്ഥലംവിട്ടു. ഇതു സംബന്ധിച്ച് സൗത്ത് പോലീസിന് പരാതി ലഭിച്ചിരുന്നു.
കവർച്ച നടത്തുന്നതും പ്രത്യേക രീതിയിൽ
കവർച്ച നടത്താൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്ന സംഘത്തിലെ രണ്ടു പേർ കാറുമായി സ്ഥലത്ത് കാത്തുനിൽക്കും. രണ്ടുപേർ ബൈക്കിൽ പുറകിലുണ്ടാകും.
ബൈക്കിൽ സഞ്ചരിക്കുന്നവർ കവർച്ച നടത്താൻ കണ്ടുവച്ച സ്ഥലത്തെത്തി അതുവഴി വരുന്ന സ്ത്രീകളെ തടഞ്ഞുനിർത്തി പോലീസ് എന്നു ഭീഷണിപ്പെടുത്തി ആഭരണങ്ങൾ ഉൗരിവാങ്ങും. ഇത് കാറിലുള്ളവർക്ക് കൈമാറി. അതുമായി സംഘം സ്ഥലം വിടുന്നതാണ് പതിവ് രീതി.
കുടുക്കിയത് കാറിന്റെ നന്പർ
എറണാകുളം സൗത്ത് പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കവർച്ച നടത്തി മടങ്ങിയ പ്രതികൾ സഞ്ചരിച്ചിരുന്ന ഗുജറാത്ത് രജിസ്ട്രേഷനുള്ള കാറിന്റെ നന്പർ പോലീസിനു ലഭിച്ചിരുന്നു.
ഇവരുടെ മൊബൈൽ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം ഉൗർജിതമാക്കിയിരുന്നു. കാർ നന്പർ മറ്റു സ്റ്റേഷനുകളിലേക്കും കൈമാറിയിരുന്നു.
പാലിയേക്കര ടോൾ പ്ലാസ വഴി ഈ നന്പറിലുള്ള കാർ വന്നതായി സൗത്ത് പോലീസിന് വിവരം ലഭിച്ചു. തുടർന്ന് ഇവരുടെ സഞ്ചാരമാർഗം കണ്ടെത്തി കണ്ടെയ്നർ റോഡിൽ വച്ച് വാഹനങ്ങൾ കുറുകെയിട്ട് സംഘത്തെ പിടികൂടുകയായിരുന്നു.
പ്രതികൾ കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചെന്ന് എറണാകുളം സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസൽ പറഞ്ഞു.