റിയാദ്: ബസ് ഡ്രൈവർമാർ തുടർച്ചയായി നാലര മണിക്കൂറിലധികം ജോലിചെയ്യുന്നത് പൊതുഗതാഗത അഥോറിറ്റി വിലക്കി. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മുൻതൂക്കം നൽകി സൗദി.
സാപ്ത്കോ ഉൾപ്പെടെയുള്ള ബസ് സർവീസുകൾ ഇത് നിർബന്ധമായും പാലിക്കേണ്ടി വരും. റോഡപകടങ്ങൾ ഒഴിവാക്കുക, ഗതാഗത സേവനങ്ങളുടെ നിലവാരം ഉയർത്തുക, തൊഴിലാളിക്ക് മതിയായ വിശ്രമം ഉറപ്പാക്കുക എന്നതാണ് പുതിയ നീക്കത്തിന് പിറകിൽ.
നാലര മണിക്കൂർ ഡ്രൈവ് ചെയ്ത ശേഷം ഡ്രൈവർമാർക്ക് 45 മിനിറ്റ് വിശ്രമം നിർബന്ധമാണ്. 24 മണിക്കൂറിനുള്ളിൽ ഡ്രൈവിംഗ് ദൈർഘ്യം ഒമ്പത് മണിക്കൂറിൽ കൂടാനും പാടില്ല. 24 മണിക്കൂറിനിടെ ഡ്രൈവർക്ക് 11 മണിക്കൂറെങ്കിലും വിശ്രമം നൽകിയിരിക്കണം.
ദീർഘ ദൂര യാത്രാ റൂട്ടുകളിൽ രണ്ടാം ഡ്രൈവർക്ക് വാഹനമോടിക്കാം. വിശ്രമ സമയത്ത് ഡ്രൈവർമാർ മറ്റു ജോലികളിലേക്ക് തിരിയരുതെന്നും പൊതുഗതാഗത അഥോറിറ്റി നിർദേശിച്ചു.