കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരായ കേസ് വിജിലൻസ് കോടതി പരിഗണിക്കും.
എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ മൂവാറ്റുപുഴ വിജിലൻസ് കോടതിക്ക് കൈമാറി. 2019 ജൂലൈ മുതൽ ഇയാൾ കൈക്കൂലി വാങ്ങിയെന്നാണ് എഫ്ഐആറിലുള്ളത്.
അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് അഡ്വ. സൈബിക്കെതിരേ കേസ് എടുത്തിരിക്കുന്നത്.
പ്രത്യേക അന്വേഷണ സംഘം
കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ. ദർവേഷ് സാഹിബ് നേരിട്ട് മേൽനോട്ടം വഹിക്കും. ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്പി കെ.എസ്. സുദർശൻ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ.
എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ എ.എസ്. ശാന്തകുമാർ, സിബി ടോം, ഗ്രേഡ് എസ്ഐ മാരായ കലേഷ് കുമാർ, ജോഷി സി. എബ്രഹാം, ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റിലെ ഗ്രേഡ് എസ്ഐമാരായ എസ്. അമൃതരാജ്, ജയ്മോൻ പീറ്റർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉള്ളത്.
ആദ്യഘട്ടത്തിൽ മൊഴിയെടുത്തവരിൽനിന്നും വീണ്ടും വിവരങ്ങൾ തേടിയ ശേഷമാകും സൈബി ജോസിനെ ചോദ്യം ചെയ്യുകയെന്നാണ് ലഭ്യമാകുന്ന വിവരം.
ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ, ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് സിയാദ് റഹ്മാൻ എന്നിവർക്കു നൽകാനെന്ന പേരിൽ കക്ഷികളിൽനിന്ന് അഡ്വ. സൈബി 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.