അഹമ്മദാബാദിലെ ജീവ്ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ആശുപത്രിയില്‍ കൊണ്ടുവന്ന രോഗിയെ അടിയന്തിര ഓപ്പറേഷന് നടത്തിയപ്പോള്‍ ഏവരും ഞെട്ടി. അവിടെ ചികിത്സയ്ക്കായി കൊണ്ടുവന്നതാണ് ഒരു പശുവിനെ. തീറ്റ കഴിഞ്ഞാല്‍ നടക്കാന്‍ പോലും പശുവിന് കഴിയില്ലായിരുന്നു. അതുകൊണ്ടാണ് ഉടമസ്ഥര്‍ പശുവിനെ ആശുപത്രിയിലെത്തിച്ചത്.
വിദഗ്ധ പരിശോധനയില്‍ പശു ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. എന്നാല്‍, പശുവിന്റെ ആരോഗ്യസ്ഥിതി തീര്‍ത്തും മോശവും. ദഹനപ്രശ്നം പരിഹരിക്കാന്‍ ഓപ്പറേഷന് നടത്താന്‍ തീരുമാനമായി. മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷനുശേഷം പുറത്തെടുത്തത് 100 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍. ഇതില്‍ സിം കാര്‍ഡ്, പത്രക്കടലാസുകള്‍, സോക്സ്, ബാഗ് തുടങ്ങിയവ ഉണ്ടായിരുന്നു. മാലിന്യങ്ങള്‍ നീക്കംചെയ്തതോടെ പശു പഴയ ഉന്മേഷം വീണ്ടെടുത്തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.