തിരുവനന്തപുരം: ബോധം കെട്ട് വീഴുന്നവര്‍ക്ക് തളിക്കാന്‍ വെള്ളമെടുക്കാന്‍ പോലും ആവാത്ത സ്ഥിതിയാണ് സംസ്ഥാനത്ത്. വെള്ളക്കരം കൂട്ടിയതിനെതിരെ പരിഹാസവുമായി പി.സി.വിഷ്ണുനാഥ് എംഎല്‍എ നിയമസഭയില്‍.
വിലക്കയറ്റം ഉണ്ടാകുമെന്ന് വാര്‍ത്ത കേള്ക്കുന്നയാള് ബോധം കെട്ട് വീഴുകയാണ്. അവരുടെ മുഖത്ത് തളിക്കാന്‍ വെള്ളമെടുക്കാന്‍ പോലും ആവാത്ത സ്ഥിതിയാണ് ഉള്ളതെന്ന് വിഷ്ണുനാഥ് പറഞ്ഞു.
അതേസമയം എംഎൽഎ പ്രത്യേകം കത്ത് നല്കിയാല് ബോധം കെട്ട് വീഴുന്നവര്‍ക്ക് കൂടുതല്‍ വെള്ളം അനുവദിക്കാമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് മറുപടി നല്കി.
തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയതിനെ ന്യായീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലാണ് വെള്ളക്കരം കൂട്ടിയതെന്ന് മന്ത്രി പറഞ്ഞു.
ഇത് സംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. പെന്ഷന് പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ജല അതോറിറ്റി. ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകാത്ത രീതിയില്‍ ചെറിയ രീതിയില്‍ വാട്ടര്‍ ചാര്‍ജ് കൂട്ടിയതെന്നും മന്ത്രി പ്രതികരിച്ചു.
ഒരു കിലോ ലീറ്റര്‍ വെള്ളത്തിന് നിര്‍മാണചെലവ് 22 രൂപയാണ്. എന്നാല്‍ ഇതില്‍ നിന്ന് അതോറിറ്റിക്ക് ലഭിക്കുന്നത് 10 രൂപ മാത്രമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
സംസ്ഥാനത്ത് ലിറ്ററിന് ഒരു പൈസ വീതമാണ് വെള്ളക്കരം കൂട്ടിയത്. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതല്‍ 400 രൂപ വരെ അധികം നല്‍കേണ്ടി വരും. വെള്ളിയാഴ്ച മുതല്‍ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ നിരക്കാകും ബാധകമാകുക.