കോഴിക്കോട്: പാലാഴിയിലെ എനി ടൈം മണി (എടി.എം) തട്ടിപ്പുകേസിൽ കണ്ണൂർ അർബൻ നിധി ലിമിറ്റഡ് (കെയുഎൻഎൽ) തട്ടിപ്പുകേസിൽ റിമാൻഡിലായ മൂന്നു പ്രതികളെ അറസ്റ്റു ചെയ്യാന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച്.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള പ്രൊഡക്ഷൻ വാറൻഡ് പുറപ്പെടുവിക്കാൻ കോഴിക്കോട് സിജെഎം കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്.
അപേക്ഷയിൽ ഇന്ന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പിന്നീട് പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനും അപേക്ഷ നൽകും. തട്ടിപ്പിൽ പന്തീരാങ്കാവ് പോലീസ് മാത്രം 18 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കൊയിലാണ്ടി, പന്നിയങ്കര എന്നീ സ്റ്റേഷനുകളിലും കേസുകളുണ്ട്. 2021 ജൂണിൽ പാലാഴിയിൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനം അരലക്ഷവും അതിലധികവും ശമ്പളം നൽകി നിയമിച്ച യുവതീയുവാക്കളോട് ഒമ്പതു ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ലക്ഷക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ചതും തട്ടിപ്പ് നടത്തിയതും.
പാലാഴിയിലെ എനി ടൈം മണിയുടെ ഓഫിസ് പന്തീരാങ്കാവ് പോലീസ് പൂട്ടി സീൽ ചെയ്തതാണ്.