കോട്ടയം: ഡാമും അണക്കെട്ടും വലിയ ജലസേചന പദ്ധതികളൊന്നുമില്ലാത്ത കോട്ടയം ജില്ലയില്‍ മീനച്ചിലാറ്റില്‍ മിനി ഡാമും പാലവും വരുന്നത് എല്ലാവരും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.
വേനലില്‍ തുടര്‍ച്ചയായി ആറു മാസം വരെ വറ്റിവരളുന്ന മീനച്ചിലാറിനെ നീരണയിക്കാനും പാലാ നഗരസഭയിലെയും നിരവധി പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമത്തിനും പരിഹാരവുമായി മീനച്ചിലാറ്റില്‍ അരുണാപുരത്ത് മിനിഡാമും ബ്രിഡ്ജും നിര്‍മിക്കുമെന്നാണ് ഇന്നല ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്.
മീനച്ചില്‍ നദീതട പദ്ധതി എന്ന പേരില്‍ ഇടുക്കി ഡാമില്‍നിന്നും മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും പുറന്തള്ളുന്ന വെള്ളം മീനച്ചിലാറ്റില്‍ കൊണ്ടുവരുമെന്ന രീതിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപനം വന്നതാണ്.
കെ.കരുണാകരന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അടുക്കത്ത് ഇതിനായി ഡാം നിര്‍മിക്കുന്നതിനായി തറക്കല്ലിടുകയും ചെയതിരുന്നു.
എന്നാല്‍ പിന്നീട് ഈ പദ്ധതിക്ക് ഒരു അനക്കവും ഉണ്ടായില്ല. പിന്നീട് ഇടതു വലതു മുന്നണികളുടെ സര്‍ക്കാരുകളുടെ ബജറ്റില്‍ തുക അനുവദിക്കുകയും പദ്ധതിയുടെ പേരും പ്രോജക്ടും മാറ്റി അവതരിപ്പിച്ചെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. കോട്ടയം ജില്ലക്കാരനും പാലാ സ്വദേശിയുമായ ജലസേചന മന്ത്രി റോഷി അഗസ്റ്റിന് പ്രത്യേക താത്പര്യമെടുത്താണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വലിയ ജലസേചന പദ്ധതികള്‍ ഒന്നും ഇല്ലാത്ത ജില്ലയില്‍ വേനലിലും ജല ലഭ്യത ഉറപ്പു വരുത്തുവാന്‍ പദ്ധതി ഡാം സഹായകരമാകും. മീനച്ചില്‍ റിവര്‍വാലി പദ്ധതിയുഭാഗമായിട്ടാണ് അരുണാപുരം ഡാമും ബ്രിഡ്ജും നിര്‍മിക്കുന്നത്.
മൂന്നു കോടി രൂപയാണു പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. അരുണാപുരത്ത് സെന്റ് തോമസ് കോളജിനു പിന്നിലായി പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു സമീപത്തായുള്ള കോളജ് കടവില്‍ മിനിഡാമും പാലവും നിര്‍മിക്കുന്നത്.
പദ്ധതി നേരത്തെ വിഭാവം ചെയ്തെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തടസപ്പെട്ടിരുന്നു. തുടര്‍ന്ന് ജലസേചന മന്ത്രി റോഷി അഗസ്റ്റിന് സ്ഥലം സന്ദര്‍ശിക്കുകയും മിനി ഡാം കം ബ്രിഡ്ജ് പദ്ധതിക്കായി പുതിയ ഡിസൈനും എസ്റ്റിമേറ്റും താമസംവിനാ തയാറാക്കി അംഗീകരിക്കുന്നതിനാവശ്യമായ നിര്‍ദേശം നല്‍കുകയും ചെയ്തു.
ഇതിന്റെ ഭാഗമായുള്ള പുതിയ ടോപ്പോഗ്രാഫിക്ക് സര്‍വേ ഉടന്‍ ആരംഭിക്കും. ഇറിഗേഷന്‍ ഡിസൈന്‍ ആന്‍ഡ് റിസേര്‍ച്ച് വിംഗ് ഇതിനായുള്ള രൂപരേഖ തയാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുന്നതിനൊപ്പം തുലാവര്‍ഷക്കാലത്തെ വെള്ളം ഒഴുകി പോകാതെ സംഭരിച്ചു നിര്‍ത്തുകയാണ് ഡാം കം ബ്രിഡ്ജിലൂടെ ഉദ്ദേശിക്കുന്നത്.
മഴക്കാലത്ത് തുറന്നിടുകയും നീരൊഴുക്കിനു തടസമുണ്ടാകാതിരിക്കുന്നതിനും സഹായകരമാകും. കോളജ് കടവ് -വെള്ളിയേപ്പള്ളി കരകളെ ബന്ധിപ്പിച്ച് പാലം കൂടി ഉണ്ടാകുന്നത് നാട്ടുകാര്‍ക്കും ഗുണകരമാകും.
പദ്ധതി നടപ്പാകുന്നതിനൊപ്പം മീനച്ചിലാറ്റില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളും ആരംഭിക്കാം.