കൊച്ചി: റോഡുകളുടെ ശോചാനീയാവസ്ഥ തുടരുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇത് പരിഹരിക്കാന്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കോടതി പറഞ്ഞു.
എറണാകുളത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കൊച്ചി കങ്ങരപടിയില് വാട്ടര്‍ അതോറിറ്റിക്കായി എടുത്ത കുഴിയില്‍ വീണ് കഴിഞ്ഞ ദിവസം യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് വിമര്‍ശനം ഉന്നയിച്ചത്.
പത്ത് ദിവസത്തോളം കുഴി മൂടാതിരുന്ന സംഭവം ഞെട്ടിക്കുന്നതാണ്. മരണത്തെ വിളിച്ചുവരുത്തുകയാണുണ്ടായതെന്നും കോടതി പറഞ്ഞു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തക്കതായ നഷ്ടപരിഹാരവും നല്‍കണം. മറ്റേതെങ്കിലും വികസിത രാജ്യത്തായിരുന്നു ഇത് നടന്നതെങ്കില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുത്ത് മുടിയുമായിരുന്നു എന്നും കോടതി ഓര്‍മ്മിപ്പിച്ചു. ഇവിടെ പത്ര വാര്‍ത്തകള്‍ മാത്രമായി ഇത്തരം റോഡപകടങ്ങൾ ചുരുങ്ങിപോവുകയാണെന്നും കോടതി പറഞ്ഞു.
ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അഹങ്കാരവും ധാര്‍ഷ്ട്യവുമാണെന്ന് കോടതി പറഞ്ഞു. കൊച്ചി എംജി റോഡില്‍ പലയിടത്തും അപകടകെണികള്‍ ഉണ്ട്. ഇവയൊക്കെ റിബണ്‍ കെട്ടി മറയ്ക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.
എറണാകുളം കളക്ടര്‍ക്കെതിരെയും കോടതി വിമര്‍ശനമുന്നയിച്ചു. കളക്ടര്‍ തക്ക സമയത്ത് നടപടി എടുക്കാത്തതുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ ഇത്ര അനാസ്ഥ കാണിക്കുന്നതെന്ന് കോടതി പറഞ്ഞു.
റോഡുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ട് അത് നല്കാന് കളക്ടര്‍ ഇതുവരെ തയാറായിട്ടില്ല.ഈ നിലയ്ക്ക് പോയാല്‍ പല തലകളും ഉരുളേണ്ടി വരുമെന്നും കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി താക്കീത് നല്കി.
റോഡുകളുടെ അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവിറക്കിട്ടും ഒരു നടപടിയും ഉണ്ടായില്ല. കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ബാക്കി പറയാമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
ഹര്‍ജി കോടതി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.