കോഴിക്കോട്: കൊടുവള്ളിയില്‍ കള്ളക്കടത്ത് സ്വർണം ഉരുക്കുന്ന കേന്ദ്രത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്സ് (ഡിആര്‍ഐ) നടത്തിയ റെയ്ഡില്‍ പിടികൂടിയത് 7.2 കിലോ സ്വര്‍ണവും 13.50 ലക്ഷം രൂപയും.
പിടിച്ചെടുത്ത സ്വര്‍ണത്തിന് ഏകദേശം 4.11 കോടി രൂപ വില വരും. വിവിധ രൂപത്തില്‍ കൊണ്ടുവരുന്ന സ്വര്‍ണം ഉരുക്കുന്ന കേന്ദ്രത്തിലാണ് റെയ്ഡ് നടന്നത്.
കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി കോമ്പൗണ്ട് രൂപത്തിലാക്കി കടത്തുന്ന സ്വര്‍ണം ഇവിടെ എത്തിച്ച് സ്വര്‍ണമായി വേര്‍തിരിച്ചെടുക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മലപ്പുറം എടവണ്ണപ്പാറ സ്വദേശികളായ റഷീദ്, റഫീഖ്, കൊടുവള്ളി സ്വദേശികളായ ജയഫര്‍, കൊടുവള്ളി മഹിമ ജ്വല്ലറി ഉടമ മുഹമ്മദ് എന്നിവരെ ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു.
ഇവർ റിമാന്‍ഡിലാണ്. കൊടുവള്ളി കിഴക്കോത്തെ ജയഫറിന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണവും പണവും പിടിച്ചെടുത്തത്. തിങ്കളാഴ്ച രാവിലെ പത്തുമുതല്‍ വൈകിട്ട് ആറുവരെയാണ് കൊച്ചി,കോഴിക്കോട് യൂണിറ്റുകളില്‍ നിന്നുള്ള ഡിആര്‍ഐ സംഘം റെയ്ഡ് നടത്തിയത്.
സ്വര്‍ണം ഉരുപ്പടികള്‍ ഇവിടെ വച്ച് ഉരുക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.വീടിന്റെ ടെറസിലും തൊട്ടടുത്ത് ഷെഡ് നിര്‍മിച്ച് അവിടെവച്ചുമാണ് ഉരുപ്പടികള്‍ ഉരുക്കിയിരുന്നത്.
ഇവിടവച്ച് ഉരുക്കിയശേഷം ജ്വല്ലറികളിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്. സ്വര്‍ണം കൊടുവള്ളിയിലെ മഹിമ ജ്വല്ലറിയില്‍ നല്‍കിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിന്റെ ഉടമയയായ മുഹമ്മദിനെ അറസ്റ്റ് ചെയ്തത്.
കരിപ്പൂരില്‍നിന്ന് വന്‍തോതില്‍ പിടിച്ചെടുക്കുന്ന സ്വര്‍ണ ഉരുപ്പടികളും കാപ്സ്യൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചും മിശ്രിതമായും മറ്റും എത്തിക്കുന്ന സ്വര്‍ണവും ഇവിടെ വച്ചാണ് ഉരുക്കി യഥാര്‍ഥ രൂപത്തിലാക്കിയിരുന്നത്.
കാപ്സ്യൂളുകള്‍, ചൂടാക്കി ഉരുക്കികൊണ്ടിരുന്നവ, ഉരുക്കിവച്ച സ്വര്‍ണം എന്നിവയെല്ലാം പിടികൂടിയതില്‍ ഉള്‍പ്പെടും. പത്തംഗ സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.
സ്ഥിരംസന്ദര്‍ശകർ ആരൊക്കെ?
കോഴിക്കോട്: കൊടുവള്ളിയില്‍ കള്ളക്കടത്ത് സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഡിആര്‍ഐ. സ്വര്‍ണം ഉരുക്കിയ കേന്ദ്രത്തില്‍ സ്ഥിരമായി എത്തിയിരുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കൊടുവള്ളി കിഴക്കോത്ത് ജയഫറിന്റെ വീടിന്റെ മുകളിലും ഷെഡിലുമായി പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രത്തിലാണ് സ്വര്‍ണം ഉരുക്കിയിരുന്നത്.
കരിപ്പൂര്‍ എയര്‍പോര്‍ട്ടിലൂടെയടക്കം കടത്തിക്കൊണ്ടുവന്ന സ്വര്‍ണമാണ് ഇവിടന്നു പിടികൂടിയത്. കുറേക്കാലമായി ഇവിടെവച്ച്് ഇത്തരത്തില്‍ സ്വര്‍ണം ഉരുക്കിയിരുന്നതായി ഡിആര്‍ഐ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലും പുറത്തുംവച്ച് കള്ളക്കടത്ത് സ്വര്‍ണം പിടികൂടുന്നത് പതിവാണ്. 2021 ഡിസംബറില്‍ മലപ്പുറത്തെ തവനൂരില്‍ നടത്തിയ ഓപ്പേറഷനില്‍ 9.75 കിലോ സ്വര്‍ണം പടികൂടിയിരുന്നു.
അവിടെയും ഉരുക്കല്‍ കേന്ദ്രത്തിലാണ് റെയ്ഡ് നടന്നത്.ഉരുക്കല്‍ കേന്ദ്രത്തില്‍ നടക്കുന്ന രണ്ടാമത് വലിയ റെയ്ഡാണ് ഇത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ സംഘം കൊടുവള്ളിയില്‍ താമസിച്ചു നിരീക്ഷിച്ചുവരികയായിരുന്നു.
മഹിമ ജ്വല്ലറി ഉടമ മുഹമ്മദ് ഉരുക്കാന്‍ നല്കിയ സ്വര്‍ണമാണ് പിടികൂടിയതെന്ന് ഡിആര്‍ഐ പറഞ്ഞു.ഉരുക്കല്‍ കേന്ദ്രം സംബന്ധിച്ച കൂടുതല്‍ വിവരം ഡിആര്‍ഐ ശേഖരിച്ചിട്ടുണ്ട്.
ഇവിടെ വന്നുപോയ ആളുകളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.
കോഴിക്കോട് നഗരത്തിലെ ചില ജ്വല്ലറികളിലേക്കും ഇവിടെവച്ച് സ്വര്‍ണ ഉരുപ്പടികള്‍ ഉരുക്കിയിരുന്നതായി പ്രതികള്‍ ഡിആര്ഐയോടു സമ്മതിച്ചിട്ടുണ്ട്.