കൊല്ലം: സിവിൽ സ്റ്റേഷനിൽ ബോംബ് വച്ചതായി ഭീഷണിക്കത്തഴുതിയതിനെതുടർന്ന് പിടിയിലായ പ്രതി ഷാജൻ ക്രിസ്റ്റഫറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ വീട്ടിൽനിന്ന് നിരവധി കത്തുകളാണ് പോലീസ് കണ്ടെടുത്തത്.
വരാനിരിക്കുന്ന തീയതികളിൽ ബോംബ് സ്ഫോടനം നടക്കുമെന്നുള്ളതാണ് കത്തിലെ ഉള്ളടക്കം. ഇതിലെ കൈയക്ഷരം പ്രതിയുടെതാണെന്ന് തിരിച്ചറിഞ്ഞു.
കുറെ വർഷങ്ങളായി ഇയാൾ ഇത്തരത്തിൽ ഭീഷണിക്കത്തുകൾ എഴുതിവരികയാണ്. ഏറ്റവും ഒടുവിൽ കഴിഞ്ഞദിവസമാണ് സിവിൽ സ്റ്റേഷനിലെ ഏഴുഓഫീസുകളിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്നുള്ള കത്ത് കളക്ടറുടെ പേരിൽ അയച്ചത്.
ജീവനക്കാർ പരിഭ്രാന്തരായതോടെ കളക്ടറേറ്റിലെ മുഴുവൻ ജീവനക്കാരെയും ഒഴിപ്പിച്ചു.എഴുതിയയാളുടെ മേൽവിലാസവും ഫോൺ നന്പരും കത്തിലുണ്ടായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജൻ ക്രിസ്റ്റഫർ പിടിയിലായത്. ഇയാളെ വിശദമായി പോലീസ് ചേദ്യം ചെയ്തിരുന്നു.
മാതാവിന്റെ ഫോണാണ് പലപ്പോഴും ഇയാൾ ഉപയോഗിച്ചുവന്നത്. ഇവർക്ക് ഇയാളുടെ സ്വഭാവം അറിയാമായിരുന്നിട്ടും മറച്ചവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.