കോഴിക്കോട്: കോവിഡ് കാലത്ത് നല്കിയ സൗജന്യകിറ്റുകളുടെ കാര്യത്തില്‍ സര്‍ക്കാരും റേഷന്‍ വ്യാപാരികളും കൊമ്പുകോര്‍ക്കുന്നു.
കിറ്റുകള്‍ വിതരണം ചെയ്തവകയില്‍ 11 മാസത്തെ കമ്മീഷന് കുടിശിക വേണമെന്ന ആവശ്യവുമായി റേഷന്‍ വ്യാപാരികള്‍ രംഗത്തെത്തിയപ്പോള്‍ വിതരണം ചെയ്യാതെ കടകളില്‍ കെട്ടിക്കിടന്ന കിറ്റുകള്‍ റേഷന്‍ വ്യാപാരികള്‍ മുക്കിയെന്ന ആക്ഷേപമാണ് സര്‍ക്കാര്‍ തെളിവുകള്‍ നിരത്തി ഉന്നയിക്കുന്നത്.
ഇതോടെ പലവിധ കാര്യങ്ങളില്‍ സര്‍ക്കാരും റേഷന്‍ വ്യാപാരികളും തമ്മില്‍ നടന്നുവരുന്ന പോര് പുതിയതലത്തിൽ എത്തിയിരിക്കുകയാണ്.
കമ്മീഷന് നല്കാതിരിക്കാനുള്ള അടവാണിതെന്നാണ് റേഷന്‍ വ്യാപാരികളുടെ വാദം. ഭക്ഷ്യവകുപ്പിന്റേത് പ്രതികാരനടപടിയാണെന്നും അവർ കുറ്റപ്പെടുത്തുന്നു.
പല കടകളിലും കിറ്റ് വാങ്ങാൻ ആളില്ലാതെ കെട്ടിക്കിടന്ന് നശിക്കുന്നതായി അന്നുതന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.
അവ കൃത്യസമയത്ത് കടകളിലെത്തി ശേഖരിക്കാൻ ഉദ്യോഗസ്ഥർ തയാറായില്ല. അതിനാൽ കിറ്റുകൾ പലതും നശിച്ചെന്നും വ്യാപാരികള്‍ പറയുന്നു.
കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ നൽകിയ സൗജന്യ ഭക്ഷ്യക്കിറ്റ് റേഷൻ വ്യാപാരികൾ ദുരുപയോഗം ചെയ്തതായി പരിശോധനയില്‍ വ്യക്തമായതായാണ് ഭക്ഷ്യ മന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിച്ചിരിക്കുന്നത്.
സപ്ലൈകോയിൽനിന്ന് റേഷൻകടകളിലേക്ക് നൽകിയ കിറ്റുകളുടെ എണ്ണം, കാർഡുടമകൾക്ക് വിതരണം ചെയ്തവ, തിരികെ ലഭിച്ച കിറ്റുകളുടെ എണ്ണം എന്നിവ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്.
തുടർന്ന് റേഷൻ വ്യാപാരികൾക്കെതിരെ നടപടിയെടുക്കാൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിർദേശം നൽകി.ആദ്യഘട്ടത്തിൽ മന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെടുന്ന നെടുമങ്ങാട് താലൂക്കിലെ 53 റേഷൻ വ്യാപാരികളിൽനിന്ന് 74,000 രൂപ പിഴയീടാക്കാൻ ഉത്തരവായി.
സംസ്ഥാനത്തെ ഓരോ താലൂക്കിലും ഇത്തരത്തിൽ കണക്കുകൾ ശേഖരിച്ചുവരികയാണ്. വരുംദിവസങ്ങളിൽ കൂടുതൽ നടപടിയുണ്ടാകും.
പിഴത്തുക കഴിഞ്ഞമാസത്തെ കമീഷൻ തുകയിൽനിന്ന് കുറവ് വരുത്തും. കോവിഡ് കാലത്ത് വിതരണംചെയ്ത 11 മാസത്തെ കിറ്റിന്റെ കമ്മീഷൻ മാർച്ച് 31നകം കൊടുത്തുതീർക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.