വ്യത്യസ്ഥമായ വിവാഹാഘോഷങ്ങള്‍ ഭാരതീയസംസ്കാരത്തിന്റെ ഭാഗമാണ്. ലക്ഷങ്ങള്‍ മുടക്കിയാണു പലരുടെയും വിവാഹാഘോഷങ്ങള്‍! പാരമ്പര്യ ചടങ്ങുകള്‍, പട്ടുവസ്ത്രങ്ങള്‍, രുചികരമായ ഭക്ഷണം, വിവിധ അലങ്കാരങ്ങള്‍, വിനോദങ്ങള്‍ എന്നിവയെല്ലാം ആഘോഷങ്ങളില്‍ ഉള്‍പ്പെടുന്നു.
മലയാളികളെ അപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവാഹാചാരങ്ങള്‍ വളരെ വ്യത്യസ്തമാണ്. പണക്കാരുടെ കാര്യത്തിലാണെങ്കില്‍ വിവാഹം അത്യാഡംബരപൂര്വമായിരിക്കും.
ഇതെല്ലാം മനുഷ്യരുടെ വിവാഹവിശേഷങ്ങള്‍. പറഞ്ഞുവരുന്നത് രണ്ടു പക്ഷികളുടെ വിവാഹക്കാര്യമാണ്. അടുത്തിടെ ഉത്തര്‍പ്രദേശില്‍ നടന്ന ശ്വാനവിവാഹത്തിനുശേഷം മധ്യപ്രദേശില്‍ നടന്ന തത്തയുടെയും മൈനയുടെയും വിവാഹവാര്‍ത്തയും വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു.
മധ്യപ്രദേശിലെ കരേലിക്കു സമീപമുള്ള പിപാരിയ ഗ്രാമത്തിലായിരുന്നു തത്തയുടെയും മൈനയുടെയും വിവാഹം.
കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ഈ കൗതുകവിവാഹം.
തത്തയുടെയും മൈനയുടെയും ജാതകങ്ങള്‍ പരിശോധിച്ച്, പരന്പരാഗത ഇന്ത്യന്‍ രീതിയിലായിരുന്നു വിവാഹം. മനുഷ്യരുടെ വിവാഹത്തില്‍ അനുഷ്ഠിക്കുന്ന ചടങ്ങുകളെല്ലാംതന്നെ പക്ഷികളുടെ വിവാഹത്തിലും ഉണ്ടായിരുന്നു.
ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇരുപക്ഷികളുടെയും ഉടമകള്‍ ഗ്രാമത്തിലെ പ്രധാനവ്യക്തികളെ ക്ഷണിച്ചിരുന്നു.
പിപാരിയിലെ രാംസ്വരൂപ് പരിഹാറാണ് മൈനയുടെ ഉമസ്ഥന്. സ്വന്തം മകളെപ്പോലെയാണ് രാംസ്വരൂപ് മൈനയെ വളര്‍ത്തുന്നത്.
മൈനയ്ക്ക് ഒരു കൂട്ട് വേണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹമാണു വിവാഹത്തിലെത്തിയത്. രാംസ്വരൂപ് തന്റെ മൈനയ്ക്ക് യോജിച്ച വരനെ തേടി. ഒടുവില്‍ അദ്ദേഹത്തിന്റെ അയല്‍വാസിയായ ബാദന്ലാലിന്റെ തത്തയെയാണ് മൈനയ്ക്ക് പങ്കാളിയായി കണ്ടെത്തിയത്.
രാംസ്വരൂപ് തന്റെ ആഗ്രഹം അറിയിച്ചപ്പോള്‍ ബാദന്ലാല് സമ്മതിക്കുകയായിരുന്നു.
വിവാഹശേഷം തത്തയെയും മൈനയെയും വഹിച്ച് ആഘോഷപൂര്‍വം ഘോഷയാത്രയുമുണ്ടായിരുന്നു.
കുട്ടികള്‍ കളിക്കുന്ന റിമോട്ട് ടോയ് കാറിനു മുകളിലൊരുക്കിയ കൂട്ടിലാണ് പക്ഷികളെ ഇരുത്തിയത്. ഘോഷയാത്ര കാണാന്‍ ഗ്രാമവാസികള്‍ തടിച്ചുകൂടിയിരുന്നു.