തിരുവനന്തപുരത്ത് 12 വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ സ്വാമി പിടിയില്‍. ആശ്രമം നടത്തിപ്പുകാരനായ ആലപ്പുഴ ചേര്‍ത്തല സ്വദേശി രഞ്ജിത്തെന്ന സൂര്യനാരായണനെയാണ് മലയന്‍കീഴ് പോലീസ് അറസ്റ്റു ചെയ്തത്.
ഇയാള്‍ മലയന്‍കീഴ് വിളവൂര്‍ക്കല്‍ പെരുകാവില്‍ വീട് വാടകയ്ക്ക് എടുത്തായിരുന്നു ആശ്രമം നടത്തിക്കൊണ്ടിരുന്നത്.
2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കളുമായി അടുപ്പമുണ്ടായിരുന്ന ഇയാള്‍ പൂജയുമായി ബന്ധപ്പെട്ട് ആശ്രമത്തില്‍ എത്തിച്ച കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ഒരു വര്‍ഷത്തോളം ഇയാള്‍ പീഡനം തുടര്‍ന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മകന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടതിനാല്‍ രക്ഷിതാക്കള്‍ കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ മുന്നില്‍ ഹാജറാക്കിയപ്പോഴാണ് പീഡന വിവരം പുറത്താകുന്നത്.
പിന്നീട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉദ്യോഗസ്ഥര്‍ പോലീസില്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് സൂര്യനാരായണന് മലയന്‍കീഴില്‍ നിന്ന് മുങ്ങുകയും തമിഴ്നാട് തക്കലയില്‍ ആശ്രമം നടത്തിവരികയും ചെയ്യുന്നതിനിടയിലാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ്.
36 വയസ്സുകാരനായ ഇയാള്‍ക്കെതിരെ പോക്സോ അടക്കമുളള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.