കോട്ടയം: പോലീസിന്റെ ഇന്നലത്തെ കരുതല്‍ തടങ്കലിനെതിരേ പ്രതിഷേധം ശക്തം. ഇന്നലെ മുഖ്യമന്ത്രി പങ്കെടുക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണു കരുതല്‍ തടങ്കല്‍ നടപ്പാക്കിയത്.
പോലീസിന്റെ ബുദ്ധിശൂന്യതയില്പ്പെട്ടുപോയത് ശവസംസ്കാരത്തില്‍ പോകാന്‍നിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും. കരിങ്കൊടി കാട്ടാന്‍ ഇറങ്ങിയവരെല്ലാം പോലീസിന്റെ വലഭേദിച്ചു നഗരത്തില്‍ വിലസുന്നുമുണ്ടായിരുന്നു.
മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാട്ടാന്‍ സാധ്യതയുണ്ടെന്നു സ്പെഷല്‍ ബ്രാഞ്ച് റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണു കരുതല്‍ തടങ്കല്‍ നടപ്പാക്കിയത്.
പിതൃസഹോദരന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാൻ പോകുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി നായിഫ് ഫൈസിയെയാണ് കസ്റ്റഡിയിലെടുത്തത്.
മരണാനന്തര ചടങ്ങില്‍ സംബന്ധിക്കാൻ പോകുകയാണെന്നു പറഞ്ഞിട്ടും പോലീസ് വിട്ടില്ല.ബലമായി പോലീസ് വാഹനത്തിൽ പിടിച്ചുകയറ്റി.
മെഡിക്കല്‍ പരിശോധന നടത്തിയതിനു ശേഷം മുണ്ടക്കയം, എരുമേലി സ്റ്റേഷനുകളിൽ കൊണ്ടുപോയി. പിന്നീട്, കാഞ്ഞിരപ്പള്ളി സ്റ്റേഷനില്‍ എത്തിച്ചു പറഞ്ഞുവിടുകയായിരുന്നു.
വൈകിട്ട് മുഖ്യമന്ത്രി പോയതിനുശേഷം 5.30നാണു പറഞ്ഞുവിട്ടത്. പൊന്കുന്നത്തുനിന്ന് മൂന്നു പേരെയും കോട്ടയത്തുനിന്ന് രണ്ടു പേരെയുമാണു കരുതല്‍ തടങ്കലിലാക്കിയത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിക്കു മുമ്പായിരുന്നു അറസ്റ്റ്.
കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി നായിഫ് ഫൈസി, മണ്ഡലം പ്രസിഡന്റ് അഫ്സല് കളരിക്കല്‍, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ഇ.എസ്. സജി എന്നിവരെ ഇന്നലെ രാവിലെ 11നാണ് അറസ്റ്റ് ചെയ്തത്. കോട്ടയത്തുനിന്നു അജി, സ്വരജിത്ത് എന്നിവരെയും കസ്റ്റഡിയിലെടുത്തു.