ശാരീരികമായ പല കാരണങ്ങള്‍ കൊണ്ട് കുട്ടികളുണ്ടാവാത്തവര്‍ പലപ്പോഴും ആശ്വാസം കണ്ടെത്തുന്നത് ബീജദാന ക്ലിനിക്കുകളിലാണ്.
ഇതിന്റെ പശ്ചാത്തലത്തില്‍ നിയമവിധേയമായും അനധികൃതമായും പ്രവര്‍ത്തിക്കുന്ന ധാരാളം ക്ലിനിക്കുകള്‍ ഇന്നുണ്ട്.
ഇത്തരത്തില്‍ ബീജം ദാനം ചെയ്ത് പണം സമ്പാദിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ ഉണ്ടെന്നതാണ് യാഥാര്‍ഥ്യം.
ഇപ്പോഴിതാ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളോട് ബീജം ദാനം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചൈനയിലെ ബീജദാന ക്ലിനിക്കുകള്‍.
വിദ്യാര്‍ത്ഥികള്‍ക്ക് ബീജം ദാനം ചെയ്യുന്നത് പണം സമ്പാദിക്കാനുള്ള മാര്‍ഗമാണെങ്കിലും ചൈനയില്‍ ജനന നിരക്ക് കുറയുന്നതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമായിട്ടാണ് സ്പേം ബാങ്കുകള്‍ ഇതിനെ കാണുന്നത്.
ബെയ്ജിംഗിലും ഷാങ്ഹായിലും ഉള്‍പ്പടെ ചൈനയിലുടനീളമുള്ള നിരവധി ബീജദാന ക്ലിനിക്കുകളാണ് അടുത്തിടെ കോളേജ് വിദ്യാര്‍ത്ഥികളോട് ബീജദാനം നടത്താനായി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ചൈനയിലെ സാമൂഹിക മാധ്യമമായ വെയ്ബോയില് ഇതേക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. അതിലെ ട്രെന്‍ഡിംഗ് ടോപ്പിക്ക് ആയി മാറുകയാണ് ബീജദാനം എന്നാണ് ചൈനയിലെ തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫെബ്രുവരി രണ്ടിന് തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ ഹ്യൂമന്‍ സ്പേം ബാങ്കാണ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളോട് ആദ്യമായി ബീജദാനത്തിനായി അഭ്യര്‍ത്ഥിച്ചത്.
ഇതിന്റെ രജിസ്ട്രേഷന് വ്യവസ്ഥകള്‍ എന്തെല്ലാമാണ്, ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്, സബ്സിഡികള്‍ എങ്ങനെ, ബീജദാന നടപടിക്രമങ്ങള്‍ എന്തൊക്കെ എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കുകയും ചെയ്തു.
വടക്കുപടിഞ്ഞാറന്‍ ചൈനയിലുള്ള ഷാങ്സി ഉള്‍പ്പടെയുള്ള മറ്റ് സ്ഥലങ്ങളിലെ ബീജ ബാങ്കുകളും സമാനമായ തരത്തില്‍ അപ്പീലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2022ല്‍ ചൈനയിലെ ജനസംഖ്യ കുറഞ്ഞതായി കാണാം. അതാണ് ഇങ്ങനെ ഒരു വഴി തേടുന്നതിലേക്ക് സ്പേം ബാങ്കുകളെ എത്തിച്ചത് എന്ന് സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ഗ്ലോബല്‍ ടൈംസ് വെള്ളിയാഴ്ച ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു.
വിവിധ ബീജബാങ്കുകള്‍ വിവിധ തരത്തിലുള്ള ആളുകളെയാണ് ബീജ ദാതാക്കളായി അന്വേഷിക്കുന്നത്.
യുനാന്‍ സ്പേം ബാങ്ക് പറയുന്നത് അനുസരിച്ച്, ദാതാക്കള്‍ 20നും 40നും ഇടയില്‍ പ്രായമുള്ളവരും 165 സെന്റിമീറ്ററില്‍ കൂടുതല്‍ ഉയരമുള്ളവരും പകര്‍ച്ചവ്യാധികളോ ജനിതക രോഗങ്ങളോ ഇല്ലാത്തവരും ബിരുദം നേടിയവരോ പഠിച്ചു കൊണ്ടിരിക്കുന്നവരോ ആയിരിക്കണം.
‘ദാതാവ് ഒരു മെഡിക്കല്‍ ചെക്കപ്പിലൂടെ കടന്നു പോകേണ്ടതുണ്ട്. യോഗ്യരായവര്‍ 80-12 ഡോണേഷന്‍ നല്‍കേണ്ടി വരും. 4,500 യുവാന്‍ (ഏകദേശം 54,000 രൂപ) ആണ് സബ്സിഡി നല്‍കുക’ എന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, ഷാങ്സി സ്പേം ബാങ്ക് പറയുന്നത് 168 സെന്റി മീറ്റര്‍ എങ്കിലും ഉയരം ഉള്ളവരാകണം ബീജം ദാനം ചെയ്യാനെത്തുന്നവര്‍ എന്നാണ്. അതുപോലെ 734 ഡോളര്‍(ഏകദേശം 60,000 രൂപ) ആണ് സബ്സിഡി ആയി ലഭിക്കുക.
എന്നാല്‍, ഏറ്റവും അധികം തുക നല്‍കുന്നത് ഷാങ്ഹായിയിലെ സ്പേം ബാങ്കാണ്. 1000 ഡോളര്‍(ഏകദേശം 82,000 രൂപ) ആണ് ഇവര്‍ സഹായധനമായി പറയുന്നത്.
അതുപോലെ അവരുടെ നിര്‍ദ്ദേശങ്ങളും കഠിനമാണ്. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്തവരായിരിക്കണം ഹൈപ്പര്ടെന്ഷന് ഇല്ലാത്തവരായിരിക്കണം എന്നെല്ലാം കര്‍ശനമായി പറയുന്നുണ്ട്.
കഴിഞ്ഞ 61 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി ചൈനയിലെ ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. അതുപോലെ 2017 മുതല്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിലും ഇടിവുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്.
ഈ സാഹചര്യത്തിലാണ് ജനനനിരക്ക് കുറയുന്നതിനെ മറികടക്കാന്‍ ചൈനയുടെ പുതിയ ശ്രമങ്ങള്‍.