പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ തഹസില്‍ദാര്‍ അടക്കം കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഭവവും ഇതുമായി ബന്ധപ്പെട്ട് എംഎല്‍എയെ അധിക്ഷേപിച്ചതും ചട്ടലംഘനങ്ങളുടെ പരിധിയിലെന്ന് പ്രാഥമിക നിഗമനം.
ഉദ്യോഗസ്ഥരെ ഏറെക്കുറെ സംരക്ഷിക്കുന്ന തരത്തിലാണ് മേലുദ്യോഗസ്ഥര്‍ ആദ്യം നിന്നതെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ ഗുരുതരമായ ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനേ തുടര്‍ന്ന് നടപടികള്‍ക്കുള്ള സാധ്യതയേറിയത്്.
പ്രാഥമികാന്വേഷണം നടത്തിയ പത്തനംതിട്ട എഡിഎമ്മിനെതിരേ പ്രതികരിച്ച സ്ഥലം എംഎല്‍എ കെ.യു. ജനീഷ് കുമാര്‍ നടപടി ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയുമാണ്.
തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സ്ഥലംമാറ്റം ഉള്‍പ്പെടെ പരിഗണിച്ചേക്കും. എന്നാല്‍ തഹസില്‍ദാര്‍ അടുത്തമാസം വിരമിക്കാനിരിക്കേ നടപടി ഒഴിവാക്കണമെന്നാവശ്യവുമുണ്ട്.
ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് നാളെ റിപ്പോര്‍ട്ട് കൈമാറുമെന്നാണ് സൂചന.
ജീവനക്കാരുടെ അവധി അനധികൃതമാണെന്ന നിഗമനത്തിലേക്ക് എത്തുന്നില്ലെങ്കിലും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലേക്ക് നീങ്ങുന്ന തരത്തില്‍ കൂട്ടഅവധി എടുക്കാനുണ്ടായ സാഹചര്യം സര്‍വീസ് ചട്ടങ്ങളുടെ പരിധിയിലെ സംരക്ഷണമാകില്ലെന്നാണ് വിലയിരുത്തല്‍.
ഓഫീസ് ചുമതലയുണ്ടായിരുന്ന തഹസില്‍ദാര്‍ക്കും ഡെപ്യട്ടി തഹസില്ദാര്ക്കുമുണ്ടായ വീഴ്ച പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്.
വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ ജനീഷ് കുമാര്‍ എംഎല്‍എയെ അധിക്ഷേപിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി ആവശ്യപ്പെട്ട് എംഎല്‍എ കത്തു നല്‍കിയിട്ടുണ്ട്.
ഉദ്യേഗസ്ഥര്‍ കൂട്ട അവധിയെടുത്തും ചിലര്‍ രേഖാമൂലം അവധിയെടുക്കാതെയും മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് പോയത് കോന്നി താലൂക്ക് ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെന്ന തരത്തില്‍ എഡിഎം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ച് അവധിയെടുക്കാന്‍ ജീവനക്കാര്‍ക്ക് അവകാശമുണ്ടെന്നിരിക്കേ ഇതിന്റെ പേരില്‍ നടപടിയെടുക്കാനാകില്ലെന്നും വിലയിരുത്തലുണ്ടായി.
ഓഫീസ് പ്രവര്‍ത്തനം തടസപ്പെട്ടുവെന്നപേരിലാണ് തഹസില്‍ദാരും ഡെപ്യൂട്ടി തഹസില്‍ദാരും ഉത്തരവാദികളായി മാറുന്നത്.
ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നതിനെ സര്‍വീസ് സംഘടനകള്‍ എതിര്‍ത്തിരിക്കുകയാണ്. ഏതെങ്കിലും തരത്തില്‍ നടപടി ഉണ്ടായാല്‍ ശക്തമായി പ്രതികരിക്കുമെന്ന് സെറ്റോ നേതാക്കളടക്കം അറിയിച്ചു.