തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്ക് അഭ്യാസ നടത്തി അപകടമുണ്ടാക്കിയ യുവാവിന്റെ ലൈസൻസ് റദ്ദാക്കും. കല്ലമ്പലം സ്വദേശി നൗഫലിന്റെ (18) ലൈസൻസാണ് തിരിച്ചെടുക്കുന്നത്. ഇയാൾക്ക് ഇനി ഒരിക്കലും ലൈസൻസ് ലഭിക്കില്ല.
നൗഫൽ ആറു തവണ ബൈക്കപകടമുണ്ടാക്കിയിട്ടുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. വെഹിക്കിൾ ഇൻസ്പെക്ടർ എ.എസ്. വിനോദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നടുറോഡിൽ ബൈക്കിന്റെ മുന്‍ചക്രം ഉയര്‍ത്തി അഭ്യാസം നടത്തി വഴിയാത്രക്കാരിയായ വിദ്യാർഥിയെ ഇടിച്ചു വീഴ്ത്തിയ സംഭവം വാർത്തയായതോടെയാണ് കടുത്ത നടപടിയുണ്ടായത്.
കല്ലമ്പലത്ത് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിദ്യാർഥിനികൾ റോഡിലൂടെ നടന്നുപോകുന്നതിനിടെയായിരുന്നു അഭ്യാസപ്രകടനം.
നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് തെന്നിനീങ്ങിച്ചെന്ന് പെണ്‍കുട്ടിയെ ഇടിക്കുകയായിരുന്നു. നൗഫലിനും ഒപ്പമുണ്ടായിരുന്ന ആൾക്കും പരുക്കേറ്റു.
പെണ്‍കുട്ടികളെ ആകർഷിക്കാനും നവമാധ്യമങ്ങളില്‍ തരംഗമാകാനുമാണ് നൗഫൽ ബൈക്ക് സ്റ്റണ്ട് ചെയ്യുന്നത്. മുൻപ് പലതവണ അപകടമുണ്ടാക്കിയതിനും അഭ്യാസ പ്രകടനം നടത്തിയതിനും നൗഫലിന് പിഴ ചുമത്തിയിട്ടുണ്ട്.