സ്വന്തം ലേഖകൻ
തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഇന്ധന സെസ് നടപ്പാക്കിയതിലെ രൂക്ഷ വിമർശനം ഭയന്നു സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയായി നിയമിച്ച മുൻ കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ ഓണറേറിയം ഫയൽ വൈകിപ്പിച്ചു സർക്കാർ.
സാന്പത്തിക പ്രതിസന്ധി സജീവ ചർച്ചാവിഷയമായതിനു പിന്നാലെ ബജറ്റിൽ പ്രഖ്യാപിച്ച അധിക നികുതിഭാരത്തിനെതിരേ യുഡിഎഫ് പ്രക്ഷോഭം ശക്തിപ്പെടുത്തിയതോടെയാണു കോണ്ഗ്രസ് വിട്ടു സിപിഎമ്മിന്റെ ഭാഗമായകെ.വി. തോമസിനു ഓണറേറിയം അനുവദിക്കുന്ന ഫയലിൽ ഒപ്പിടാൻ ധനവകുപ്പു മടിക്കുന്നത്.
തനിക്ക് ശന്പളം വേണ്ടെ ന്നും ഓണറേറിയം മതിയെന്നും അറിയിച്ച് കെ.വി. തോമസ് മുഖ്യമന്ത്രിക്കു നൽകിയ കത്ത് പൊതുഭരണ പൊളിറ്റിക്കൽ വകുപ്പ് വഴി ധനവകുപ്പിനു കൈമാറിയിരുന്നു.
ജനുവരി 31നു കത്ത് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ കൈവശമെത്തിയതായാണ് സെക്രട്ടേറിയറ്റിലെ ഇ-ഫയലിംഗ് രേഖകൾ വ്യക്തമാകുന്നത്.
ഈ മാസം മൂന്നിനു ഫയൽ ധനവകുപ്പിന്റെ എക്സ്പൻഡിച്ചർ വിംഗിലെത്തി. അവിടെനിന്ന് ഈ മാസം നാലിന് ഫയൽ എക്സ്പൻഡിച്ചർ സെക്രട്ടറി സഞ്ജയ് കൗളിന് ലഭിച്ചു.
ധന എക്സ്പെൻഡിച്ചർ സെക്രട്ടറി ഫയൽ പരിശോധിച്ച് അനുമതി നൽകാമെന്ന് അറിയിച്ചു ധന അഡീഷണൽ ചീഫ്സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കു കഴിഞ്ഞ ഒൻപതിനു കൈമാറി.
എന്നാൽ പിന്നീടിങ്ങോട്ടാണ് ഫയൽ കുരുങ്ങിക്കിടപ്പായത് എന്നാണ് രേഖകളിൽനിന്നു വ്യക്തമാകുന്നത്.