കോളജിൽ കൂളിംഗ് ഗ്ലാസ് വെച്ച വിദ്യാർഥിക്ക് സീനിയേഴ്സിന്റെ ക്രൂര മർദനം. താൻ ജൂണിയര്‍ വിദ്യാർഥിയാണന്നും ജൂണിയര്‍ വിദ്യാർഥിക്ക് കണ്ണട വയ്ക്കാൻ തങ്ങൾ അനുവാദം നൽകിയിട്ടില്ലന്നും പറഞ്ഞായിരുന്നു മർദനം.
കേൾപാടില്ലാത്ത അസഭ്യവർഷം നടത്തിയതായും പരാതിയിൽ പറയുന്നു. കണ്ണട വച്ചതിന് വിദ്യാർഥിക്ക് ക്രൂരമർദനമേറ്റ സംഭവത്തില്‍ അഞ്ചു സീനിയർ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. കോളജ് അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെത്തുടര്‍ന്നാണ് നടപടി.
മുക്കം കെഎംസിടി പോളി ടെക്നിക് കോളജിലെ ബയോ മെഡിക്കൽ രണ്ടാം വർഷ വിദ്യാർഥി മുഹമ്മദ് ജാബിറാണ് ക്രൂരമായ മർദനത്തിനിരയായത്. കഴുത്തിനും കണ്ണിനും പരിക്കേറ്റ ജാബിർ കോളജിലെ ആന്റി റാഗിംഗ് സെല്ലിലും മുക്കം പോലീസിലും പരാതി നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ 13നാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി പുറത്തിറങ്ങിയ തന്നെ സീനിയർ വിദ്യാർഥികൾ മർദിക്കുകയായിരുന്നെന്ന് മുഹമ്മദ് ജാബിർ പറയുന്നു.