അധ്യാപികയായ ഹേമജയെ ഏഴുവര്‍ഷം മുമ്പ് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ ഭര്‍ത്താവ് ശശീന്ദ്രനെ കണ്ടെത്താന്‍ കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമായി. 2009 സെപ്റ്റംബര്‍ അഞ്ചിനാണ് കണ്ണൂര്‍ സിറ്റി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ഉരുവച്ചാല്‍ ചന്ദ്രപുരത്തില്‍ എ.വി.ഹേമജ (45)യെ ഓമ്നി വാനില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ശശീന്ദ്രന് എന്ന ഡിങ്കന് ശശി സംഭവത്തിനുശേഷം സ്വന്തം മൊബൈല്‍ ഉപേക്ഷിച്ച് വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു.
മുഖ്യപ്രതിയായ ഡിങ്കന് ശശി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നതുപോലും വ്യക്തമല്ല. സംഭവത്തിനുശേഷം നാട്ടിലുള്ള ആരുമായും ഇയാള്‍ ബന്ധപ്പെടാതിരുന്നതും ഇയാളുടെ പേരിലുള്ള സ്വത്ത് അടുത്ത ദിവസം ഒരു സ്ത്രീ വില്പന നടത്തിയതും ഇയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നതാണ്. എന്നാല്‍ ഇയാള്‍ മരിച്ചുവെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അന്ന് കണ്ണൂര്‍ സിറ്റി സിഐക്കായിരുന്നു അന്വേഷണച്ചുമതല. എന്നാല്‍ ഇതുവരെ കൊലയാളിയെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞില്ല.
ഹേമജയുടെ കൊലയാളിയെ കണ്ടെത്തുന്നതിനായി പോലീസ് ഇരുട്ടില്‍ തപ്പുന്നതിനിടയിലാണ് വിവിധ സിഐമാര്‍ അന്വേഷിച്ച കേസ് ഇപ്പോള്‍ കണ്ണൂര്‍ ഡിവൈഎസ്പി ഏറ്റെടുത്തത്. കൂട്ടുപ്രതി ആലക്കോട് വെള്ളാട് സ്വദേശി ടി.എന്‍.ശശിയെ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ് പിടികൂടിയിരുന്നു. ശശിയില്‍നിന്നാണ് കൃത്യം നിര്‍വഹിച്ചത് ഹേമജയുടെ ഭര്‍ത്താവാണെന്ന വിവരം ലഭിച്ചത്. പ്രധാന പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ചിരുന്നു. സ്കൂളിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് നിരവധി സമരങ്ങളും നടത്തി.
മൂന്നുമാസത്തിനുള്ളില്‍ കേസിന് തുമ്പുണ്ടാക്കുമെന്ന പോലീസിന്റെ വാക്ക് ഇതുവരെ യാഥാര്‍ഥ്യമാകാത്തതില്‍ ഹേമജയുടെ ബന്ധുക്കളും സഹപ്രവര്‍ത്തകരും നാട്ടുകാരും കടുത്ത പ്രതിഷേധത്തിലാണ്. വീടിനടുത്തായി ചൊവ്വ സ്പിന്നിംഗ് മില്ലിന് സമീപം നിര്‍ത്തിയിട്ട വാനിലാണ് ഹേമജയുടെ മൃതദേഹം കാണപ്പെട്ടത്. തലേദിവസം പുലര്‍ച്ചെ ഒന്നുവരെ ഹേമജയും ഭര്‍ത്താവും ഉരുവച്ചാലിലെ വീട്ടിലുണ്ടായിരുന്നു. രാവിലെയാണ് ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയുന്നത്.
ഹേമജയുടെ സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ ശശീന്ദ്രനെ ഏല്‍പ്പിച്ചിരുന്നതായി അന്വേഷണത്തില്‍ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതു തിരിച്ചുനല്‍കാന്‍ ഹേമജ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടെയാണ് കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പോകാനെന്നു പറഞ്ഞ് ഇയാള്‍ ഹേമജയുമായി വാനില്‍ പുറപ്പെട്ടത്. കൈയില്‍ കരുതിയ വാക്കത്തി ഉപയോഗിച്ചാണ് ശശീന്ദ്രന് കൊല നടത്തിയതെന്ന് കൂട്ടുപ്രതിയായ ശശി പോലീസിന് മൊഴി നല്‍കിയിരുന്നു.
കേസന്വേഷണം സിബിഐക്കോ ക്രൈംബ്രാഞ്ചിനോ കൈമാറണമെന്ന ആവശ്യവുമായി കര്‍മസമിതി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, പ്രതിയെ തിരിച്ചറിഞ്ഞതിനാല്‍ ഇത്തരമൊരു അന്വേഷണത്തിന് പ്രസക്തിയില്ലെന്നായിരുന്നു പോലീസിന്റെ വാദം. ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ കേസന്വേഷണം കാര്യക്ഷമമാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അന്വേഷണത്തിന്റെ തുടക്കത്തില്‍ ചുമതലയുണ്ടായിരുന്ന സിറ്റി സിഐമാരെ അടിക്കടി സ്ഥലംമാറ്റിയതോടെ പ്രതിക്കായുള്ള അന്വേഷണം വഴിമുട്ടുകയും ചെയ്തു.