കൂത്താട്ടുകുളം: ആവശ്യകതയാണ് കണ്ടുപിടിത്തങ്ങളുടെ പിതാവ്. കൂത്താട്ടുകുളത്ത് ഒരു മകൻ പിതാവിന് ആവശ്യമായി തോന്നിയ ഉത്പന്നം കണ്ടുപിടിക്കുകയും അത് ഇപ്പോൾ ഒരു ഉപജീവന മാർഗവുമായി മാറിയിരിക്കുകയാണ്.
യാത്രയ്ക്കിടയിൽ വാഹനത്തിനു പിന്നിൽനിന്നു വസ്ത്രം മാറുന്നതിനുള്ള ഉത്പന്നമാണ് കൂത്താട്ടുകുളം മംഗ്ലാവുങ്കൽ കെ.കെ.തങ്കപ്പന്റെ ഇളയ മകൻ ടി.രാകേഷ് കുമാർ കണ്ടുപിടിച്ചത്.
രാകേഷിന്റെ പിതാവിന്റെ പ്രോസ്റ്റേറ്റ് സർജറിക്ക് ശേഷം പിതാവുമൊത്തുള്ള യാത്രകളിൽ രാകേഷ് നേരിട്ട ചില ബുദ്ധിമുട്ടുകളാണ് ഇത്തരത്തിലുള്ള കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്.
അഡൾട്ട് ഡൈപ്പറിർ ഉപയോഗിച്ചിരുന്ന പിതാവിന് ഇടയ്ക്കിടെ ഡൈപ്പർ മാറേണ്ട സാഹചര്യം വരുമ്പോൾ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നു.
ഇതോടെയാണ് വാഹനത്തിന്റെ പിന്നിൽ തന്നെ വസ്ത്രം മാറാനുള്ള സംവിധാനമായി കാർ വാർ എന്ന ഉത്പന്നം നിർമിക്കുന്നത്.
കാറിന്റെ പിന്നിൽ കാന്തങ്ങളുടെ സഹായത്തോടെ ഉറപ്പിക്കാൻ കഴിയുന്ന താൽക്കാലിക മറയാണ് കാർ വാൾ. അനായാസം കൈകാര്യം ചെയ്യാവുന്ന വിധത്തിലാണ് നിർമാണം.
കൂത്താട്ടുകുളത്തെ ഒരു തയ്യൽ യൂണിറ്റിൽ നിർമാണം ആരംഭിച്ചു. ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ കോതമംഗലത്തും ആലുവയിലുമുള്ള സ്റ്റിച്ചിംഗ് യൂണിറ്റുകളിൽ കൂടുതൽ ഉത്പാദനം നടന്നുവരികയാണ്.
വെബ്സൈറ്റ് വഴിയാണ് ഇവയുടെ വിൽപ്പന. എസ്യുവി, സെഡാൻ, ഹച്ച് ബാക്ക് എന്നീ മൂന്ന് വിഭാഗങ്ങളിൽപ്പെടുന്ന വാഹനങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് കാർ വാൾ പുറത്തിറക്കിയിരിക്കുന്നത്.
ഉന്നത നിലവാരത്തിലുള്ള പോളിമർ ഫാബ്രിക് ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന കാർ വാൾ പിക്നിക് മാറ്റ്, ടെമ്പററി ഗ്രീൻ റൂം, കാർ കവർ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. സ്ത്രീ സുരക്ഷ മുൻനിർത്തി രാകേഷ് കണ്ടുപിടിച്ച പെപ്പർ സ്പ്രേ ഏറെ ജനശ്രദ്ധ നേടിയിരുന്നു.