കോട്ടയം: നാഗമ്പടത്തെ പാസ്പോര്‍ട്ട് സേവാകേന്ദ്രം താത്കാലികമായി അടച്ചിടാനുള്ള റീജണല്‍ പാസ്പോര്‍ട്ട് ഓഫീസറുടെ ഉത്തരവിനെതിരേ പ്രതിഷേധം ശക്തമായി.
കെട്ടിടത്തിനു ബലക്ഷയമുണ്ടെന്നാരോപിച്ച് പാസ്പോര്‍ട്ട് സേവാകേന്ദ്രം മാറ്റുന്നതിനുളള ശ്രമമാണ് നടക്കുന്നതെന്ന് കെട്ടിട ഉടമയും ആരോപിച്ചു.
കെട്ടിടത്തിന് ബലക്ഷയം ഉണ്ടെങ്കില്‍ തന്നോട് ഇതുവരെയും അധികൃതര്‍ എന്തുകൊണ്ട് ബന്ധപ്പെട്ടിട്ടില്ലെന്നാണ് കെട്ടിടത്തിന്റെ ഉടമ സ്റ്റീഫന്‍ ജോര്‍ജ് ചോദിക്കുന്നത്.
ഇതോടെ തീരുമാനത്തിനു പിന്നില്‍ ദുരൂഹതയുള്ളതായി ആരോപണം ശക്തമായി. കെട്ടിടം കുലുങ്ങുന്നുണ്ടെന്നും കെട്ടിടത്തില്‍ വിള്ളലുണ്ടെന്നും കാണിച്ച് കറുകച്ചാല്‍ സ്വദേശി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ മുതല്‍ ഓഫീസ് താത്കാലികമായി അടച്ചിട്ടിരിക്കുന്നത്.
പ്രതിഷേധവുമായി യൂത്ത് ഫ്രണ്ടും സിപിഎമ്മും
പാസ്പോര്‍ട്ട് സേവാകേന്ദ്രം അടച്ചിടാനുള്ള തീരുമാനത്തിനെതിരേ യൂത്ത്ഫ്രണ്ട് ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു.
ഓഫീസിനു മുമ്പില്‍ നടന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും യുഡിഎഫ് നേതാക്കളുമെത്തി. ബലക്ഷയം ഉണ്ടെങ്കില്‍ അതിന്റെ റിപ്പോര്‍ട്ട് വേണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍നിന്നുള്ള നിരവധി ആളുകള്‍ ആശ്രയിക്കുന്ന സ്ഥാപനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കുറ്റപ്പെടുത്തി.
സിപിഎം കുമാരനല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണു പ്രതിഷേധ സമരം നടന്നത്. സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എന്‍. ബിനു ഉദ്ഘാടനം ചെയ്തു. പാസ്പോര്‍ട്ട് സേവാകേന്ദ്രം മാറ്റാനുള്ള ഗൂഢശ്രമമാണ് പിന്നിലെന്ന് സിപിഎം ആരോപിച്ചു.
പ്രവര്‍ത്തനം നിറുത്തിയതറിയാതെ എത്തിയത് നിരവധി പേര്
പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതറിയാതെ ഇന്നലെ രാവിലെമുതല്‍ നിരവധി പേരാണ് കേന്ദ്രത്തിലെത്തി മടങ്ങിയത്.
പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവരാണ് വാര്‍ത്തയറിയാതെ രാവിലെതന്നെ ഓഫീസിലെത്തിയത്. കൈക്കുഞ്ഞുമായി വന്നവരും പ്രായമായവരും ഒക്കെയുണ്ടായിരുന്നു.
മുണ്ടക്കയം വണ്ടന്പതാലില്നിന്നെത്തിയ മഞ്ജുഷ പോലീസ് ക്ലിയറന്‍സ് സര്ട്ടിഫിക്കറ്റിനായിട്ടാണ് എത്തിയത്. ഇന്നലെയായിരുന്നു വരാന്‍ പറഞ്ഞിരുന്നത്.
ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി വീണ്ടും ശ്രമിക്കാനാണ് അധികൃതര്‍ നല്കുന്ന മറുപടി. പാസ്പോര്‍ട്ടിന്റെ പിസിടി ചെക്ക് ചെയ്യാനായി പശുപ്പാറയില്നിന്നെത്തിയ കുടുംബവും മടങ്ങി.
കെട്ടിടം കുലുങ്ങുന്നതായി ജീവനക്കാര്‍
കെട്ടിടത്തിന്റെ ബലക്ഷയം മൂലമാണ് സേവാകേന്ദ്രം പ്രവര്‍ത്തനം നിര്‍ത്തിയതെന്ന് അധികൃതര്‍. കഴിഞ്ഞ ദിവസങ്ങളില്‍ കെട്ടിടത്തിനു കുലുക്കം അനുഭവപ്പെട്ടിരുന്നു.
കൂടാതെ കെട്ടിടത്തിന്റെ ബീമുകളില്‍ വിള്ളലും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും കെട്ടിടം കുലുങ്ങുന്നതായി അനുഭവപ്പെട്ടെന്ന് ജീവനക്കാര്‍ പറഞ്ഞു.
അപേക്ഷകരും ജീവനക്കാരും കുലുക്കമുണ്ടാകുമ്പോള്‍ പരിഭ്രാന്തരാകാറുണ്ടായിരുന്നു. ഭൂമി കുലുക്കമാണെന്നാണ് പലരും വിചാരിച്ചിരുന്നത്.
കെട്ടിടത്തിനുള്ളില്‍ നിന്നവര്‍ക്കു മാത്രമാണ് ഇത് അനുഭവപ്പെട്ടതെന്നും പുറത്തുള്ളവര്‍ക്ക് അനുഭവപ്പെട്ടില്ലെന്നും പിന്നീട് മനസിലായി.
ഇതോടെയാണ് ജീവനക്കാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അധികൃതര്‍ പരിശോധന നടത്തി.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഡല്‍ഹിയില്‍നിന്നും ഉത്തരവിറങ്ങുകയായിരുന്നു. പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളുടെ നടത്തിപ്പു കരാര്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിനാണ്.
ടൗണില്‍ത്തന്നെ സൗകര്യപ്രദമായ രീതിയിലുള്ള സ്ഥലം കണ്ടെത്തിയതായാണ് അധികൃതര്‍ പറയുന്നത്.