കോട്ടയം: പോക്കുവരവും ചെയ്യാനും പട്ടയം ലഭിക്കാനും കാത്തിരിക്കുന്ന സാധാരണജനങ്ങള്‍ക്കു മുന്നില്‍ റവന്യു ഉദ്യോഗസ്ഥര്‍ ക്യൂ നില്ക്കുന്നു.
പട്ടയമെല്ലാം നല്‍കാം. ആദ്യം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനുമാണ് നിര്‍ദേശം. ജീവനക്കാര്‍ മറ്റൊരു പണി ചെയ്തില്ലെങ്കിലും ഒരാള്‍ 12 പേരെ ചാനല്‍ സബ്സക്രൈബ് ചെയ്യിക്കണമെന്നാണ് റവന്യു വകുപ്പിന്റെ നിര്‍ദേശം.
റവന്യു വകുപ്പിന്റെ മീഡിയ വിഭാഗമായ റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഭാഗമായിട്ടാണ് യൂട്യൂബ് ചാനല്‍ രംഗത്ത് വന്നിരിക്കുന്നത്.
ഓരോ ജില്ലകള്‍ക്കും ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഓരോ നിശ്ചിത തീയതി നിശ്ചയിച്ചു നല്കി കഴിഞ്ഞു. ഈ മാസം ആറിന് ആരംഭിച്ച ചാനല്‍ സബ്സ്ക്രൈബ് പരിപാടി 23ന് തിരുവനന്തപുരം ജില്ലയില്‍ അവസാനിക്കും.
ഒരു ജീവനക്കാരന് 12 പേരെ കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കണം. ഈ കാര്യങ്ങള്‍ ജീവനക്കാര്‍ ചെയ്യുന്നുണ്ടോ എന്നറിയാന്‍ ജീവനക്കാരുടെ പിന്നാലെ ഉന്നതരും കൂടിയിട്ടുണ്ട്.
റവന്യു സംബന്ധമായ എല്ലാവിവരങ്ങളും റവന്യു സേവനങ്ങളുടെ പരിശീലന പരിപാടികളും റവന്യു ഉത്തരവുകളെ സംബന്ധിച്ചും സംസ്ഥാനത്തെ റവന്യു സര്‍വ്വെ, ഭവനനിര്‍മാണ വകുപ്പുകളുടെ വാര്‍ത്തകളും ഈ ചാനലിലൂടെ ലഭിക്കും.
കൂടുതല്‍ പേര് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുന്നതിനു വേണ്ടി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കാനും നിര്‍ദേശമുണ്ട്.