ചേര്‍ത്തല: നഗരത്തില്‍ വ്യാപകമായി തണ്ണീര്‍തടങ്ങള്‍ നികത്തുന്നതായി പരാതി.പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയോടെയാണ് വെള്ളക്കെട്ട് നേരിടുന്ന പ്രദേശങ്ങളിലടക്കം നികത്തുന്നത്രേ. ഇതിനൊപ്പം താലൂക്കില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും സംഭരിക്കുന്ന ജൈവ അജൈവ മാലിന്യങ്ങള്‍ നിറച്ച ചാക്കുകള്‍ തള്ളിയുളള നികത്തല്‍ വലിയ പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തല്‍.
നഗരത്തില്‍ രണ്ടാം വാര്‍ഡില്‍ നിന്നടക്കം ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം നികത്തുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സെക്രട്ടറിക്കു റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
ഇതേ തുടര്‍ന്ന് ഉടമക്ക് നോട്ടീസ് നല്‍കും. നിലവില്‍ വേനല്‍കാലമായതോടെ വരണ്ട പ്രദേശമാണെങ്കിലും മഴക്കാലത്ത് വലിയ വെള്ളക്കെട്ടാകുന്ന ഇടങ്ങളിലാണ് നികത്തുന്നത്.
വലിയ ലോറികളിലാണ് മലിന്യചാക്കുകള് എത്തിക്കുന്നതെന്ന് പ്രദേശ വാസികള്‍ പറഞ്ഞു.മാലിന്യ ചാക്കുകള്‍ തളളിയതിനു ശേഷം പുറമെ പൂഴിമണല്‍ വിരിച്ചാണ് നികത്തുന്നത്.