മാരാമൺ: മാരാമൺ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ മൂന്നു യുവാക്കൾ പന്പാനദിയിൽ ഒഴുക്കിൽപ്പെട്ടു, രണ്ടു പേരുടെ മൃതദേഹങ്ങൾ കിട്ടി. മൂന്നാമനായി തെരച്ചിൽ തുടരുന്നു.
മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം മെറി നിവാസിൽ അനിയൻകുഞ്ഞിന്റെ മക്കളായ മെറിൻ (18), സഹോദരൻ മെഫിൻ (15) എന്നിവരുടെ മൃതദേഹമാണു കണ്ടെത്തിയത്.
ഇവരോടൊപ്പമുണ്ടായിരുന്ന ചെട്ടികുളങ്ങര തോണ്ടപ്പുറത്ത് രാജുവിന്റെ മകൻ എബിനെ (24) കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ഇന്നലെ വൈകുന്നേരം 5.30ഓടെ മാരാമൺ കൺവൻഷൻ നഗറിനു താഴെ ആറന്മുള പരപ്പുഴ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
ഏറെ നേരത്തെ തെരച്ചിലിനുശേഷം രണ്ടു പേരുടെ മൃതദേഹങ്ങൾ നിക്ഷേപമാലിക്കടവിനു സമീപത്തുനിന്നു കണ്ടെടുത്തു.
മാരാമൺ കൺവൻഷനിൽ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന മാർത്തോമ്മ യുവജനസഖ്യം യുവവേദി യോഗത്തിൽ പങ്കെടുക്കാനായി ചെട്ടികുളങ്ങര മാർത്തോമ്മ പള്ളിയിൽനിന്നെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.
ബൈക്കുകളിലാണ് ഇവർ മാരാമണ്ണിലെത്തിയത്. യോഗത്തിനുശേഷം എട്ടംഗ സംഘം കുളിക്കാനായി കൺവൻഷൻ നഗറിനു താഴെ പന്പാനദിയുടെ പരപ്പുഴ കടവിലേക്കു നീങ്ങി.
നദിയുടെ ആഴമുള്ള ഭാഗത്തേക്കാണ് ഇവർ ഇറങ്ങിയതെന്നു പറയുന്നു. അഞ്ചുപേരാണ് കുളിക്കാനായി നദിയിലിറങ്ങിയത്.
സഹോദരൻ മെറിൻ മുങ്ങിത്താഴുന്നതു കണ്ട് രക്ഷപെടുത്താനായി ശ്രമിക്കുന്നതിനിടെയാണ് മെഫിൻ ഒഴുക്കിൽപെടുന്നത്.
ഇവരെ രക്ഷിക്കാനായി ശ്രമിക്കുന്പോൾ എബിനും ഒഴുക്കിൽപെടുകയാ യിരുന്നു. മൂന്നുപേർ ഒഴുക്കിൽപെട്ടതറിഞ്ഞു ഫയർഫോഴ്സും പോലീസും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഒരു മണിക്കൂറിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. മൂന്നാമത്തെയാൾക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്.