കോട്ടയം: ഇറച്ചിക്കോഴി വിലയിടിയുമ്പോഴും തീറ്റവില ഉയരുന്നത് കര്‍ഷകര്‍ക്കു തിരിച്ചടിയാകുന്നു. ഇറച്ചിക്കോഴിയുടെ ഉത്പാദനം കൂടിയതും കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ കുറഞ്ഞതുമാണ് വിലയിടിവിന് കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.
40 രൂപയുടെ വരെ വ്യത്യാസത്തിലാണ് ഫാമുകളില്‍ നിന്ന് കോഴികള്‍ കടകളിലെത്തുന്നത്.കഴിഞ്ഞ ആഴ്ചയില്‍ 60-65 രൂപയ്ക്കാണ് ഫാമുകളില്‍ കച്ചവടം നടന്നത്. കടകളില്‍ 110-113 രൂപയാണ് വില.
ജനുവരി മാസം മുതലാണ് വിലയിടിവ് തുടങ്ങിയത്. 27 രൂപ മുതലാണ് കോഴിക്കുഞ്ഞുങ്ങളുടെ വില. കൃത്യമായി പരിപാലനം നല്കി 45 ദിവസംവരെ ഫാമില്‍ വളര്‍ത്തണം. ഒരു കോഴി പൂര്‍ണ വളര്‍ച്ചയെത്താന്‍ മൂന്നര കിലോ തീറ്റ വേണ്ടിവരുമെന്നാണു ഫാമുകാര്‍ പറയുന്നത്.
ഇറച്ചിക്ക് വില കുറയുമ്പോള്‍ തീറ്റയുടെ വില ഉയരുന്ന സഹാചര്യമാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. 50 കിലോഗ്രാമിന്റെ ഒരു ചാക്കിന് രണ്ട് വര്‍ഷത്തിനുള്ളില്‍ 700 രൂപവരെ വില വ്യത്യാസമുണ്ടായതായി കര്‍ഷകര്‍ പറയുന്നു.
ഇപ്പോള്‍ 50 കിലോഗ്രാമിനു 2060 രൂപ മുതല്‍ 2200 വരെയാണ് ഈടാക്കുന്നത്. വൈദ്യുതി, അറക്കപ്പൊടി എന്നിവയുടെ ചെലവുകൂടി കൂട്ടിയാല്‍ ചെലവ് പിന്നെയും വര്‍ധിക്കും.
ചൂടുകാലമായതോടെ രോഗങ്ങള്‍ കാരണം കോഴിക്കുഞ്ഞുങ്ങളും വലിയ കോഴികളും ചാകുന്നത് പതിവാണ്. ഇതും കര്‍ഷകരുടെ നഷ്ടം വര്‍ധിപ്പിക്കും.
ഇറച്ചിക്കോഴിവില താഴ്ന്നാലും ഉയര്‍ന്നാലും ലാഭം കൊയ്യുന്നത് ഇടനിലക്കാരാണ്. കോവിഡിനുശേഷം തൊഴില്‍ നഷ്ടപ്പെവരില്‍ പലരും ഇറച്ചിക്കോഴി വളര്‍ത്തലിലേക്കു തിരിഞ്ഞു. ഇതോടെ കോഴി ഉത്പാദനം 80 ശതമാനത്തോളം കൂടിയിട്ടുണ്ട്.