സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ലഹരി വെളിപ്പെടുത്തല്‍. ഒമ്പതാം ക്ലാസുകാരിയെ ലഹരി കാരിയറാക്കിയെന്നാണ് വിവരം. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു.
മൊഴിപ്രകാരം പത്ത് പേര്‍ക്കെതിരേ പോലീസ് കേസ് എടുത്തു.പെൺകുട്ടിയുടെ മൊഴിയില്‍ നിന്ന് ആളുകളെ തിരിച്ചറിഞ്ഞുവെന്ന് പോലീസ് അറിയിച്ചു. 25 പേര് അടങ്ങുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി കൈമാറ്റമെന്നും കണ്ടെത്തി.
ലഹരിമാഫിയ സംഘം തനിക്ക് മയക്കുമരുന്ന് ഉപയോഗിക്കാൻ തന്നുവെന്നും മയക്കുമരുന്നു കാരിയറാക്കി ഉപയോഗിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു.
വിദ്യാർഥിനി മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് കൈയിൽ ഉണ്ടായ മുറിവ് കണ്ട വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് പോലീസ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും മൊഴി എടുത്തു.
ഇന്‍സ്റ്റഗ്രാം വഴി ഡബിള്‍ ലഹരി
ലഹരി മാഫിയ സംഘവുമായി ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് വിദ്യാർഥിനി പറയുന്നു. ആദ്യം തനിക്ക് മയക്കുമരുന്ന് ഉപയോഗിക്കാൻ തരികയായിരുന്നുവെന്നും തുടർന്നാണ് കാരിയറാക്കി ഉപയോഗിച്ചതെന്നുമാണ് വിദ്യാർഥിനി വെളിപ്പെടുത്തിയിരിക്കുന്നത്.
തന്റെ സ്കൂളിലെ മുൻ വിദ്യാർഥികളാണ് മയക്ക് മരുന്ന് നൽകിയതെന്നും വിദ്യാർഥിനി വ്യക്തമാക്കിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്കൂളിലെ മുൻ വിദ്യാർഥികൾ ഉൾപ്പെടുന്ന മയക്കുമരുന്ന് സംഘം ആദ്യം വിദ്യാർഥിനിക്ക് സൗജന്യമായി മയക്കുമരുന്ന് നൽകുകയായിരുന്നു.
തുടർന്നാണ് കാരിയർ ആകാൻ ആവശ്യപ്പെട്ടത്. സ്കൂളിൽ നിരവധി വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴി.