കോഴിക്കോട്: പോക്സോ കേസ് പ്രതി അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ചു. കോഴിക്കോട് ഫറോക്കിലാണ് സംഭവം. റിട്ട. പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ പുറ്റെക്കാട് പീസ് നെറ്റിൽ കെ.പി. ഉണ്ണി (57)ആണ് അതിജീവിതയുടെ വീടിന്റെ കാര്‍ പോര്‍ച്ചില്‍ ഇന്ന് പുലര്‍ച്ചെ തൂങ്ങിമരിച്ചത്.
വിരമിച്ചശേഷം 2021ലാണ് ഇയാള്‍ക്കെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇയാള്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്ന് ഇദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു.
മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മാറ്റുന്നത് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ആത്മഹത്യ.