ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ കേരളത്തില്‍ നിന്ന് ഇസ്രയേലിലേക്ക് പുറപ്പെട്ട സംഘത്തില്‍ നിന്നു കാണാതായ ഇരിട്ടി കെപി മുക്കിലെ കോച്ചേരില്‍ ബിജു കുര്യനെപ്പറ്റി വിവരങ്ങളൊന്നുമില്ലെന്ന് കുടുംബം.
കഴിഞ്ഞ വ്യാഴാഴ്ചയ്ക്കു ശേഷം ബിജു കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിട്ടില്ല. എല്ലാ ദിവസവും തുടര്‍ച്ചയായി ഫോണില്‍ വിളിക്കുന്നുണ്ടെങ്കിലും ഫോണ്‍ എടുക്കുന്നില്ല. സന്ദേശങ്ങള്‍ക്കും മറുപടിയില്ല.
ഇസ്രയേലിലെ മലയാളി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് ബിജുവിനെ കണ്ടെത്താനും നാട്ടിലെത്തിക്കാനുമുള്ള ശ്രമത്തിലാണെന്ന് സഹോദരന് ബെന്നി പറഞ്ഞു.
ഇസ്രയേലില്‍ തങ്ങാന്‍ പദ്ധതിയുള്ളതിനെക്കുറിച്ച് ബിജു കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കര്‍ഷകനെ കാണാതായതു സംബന്ധിച്ച് പായം കൃഷി ഓഫിസര്‍ കെ.ജെ.രേഖ പ്രിലിമിനറി റിപ്പോര്‍ട്ട് വകുപ്പിനു കൈമാറി.
ബിജു കുര്യനെ ഇസ്രയേലിലേക്കുള്ള യാത്രയ്ക്കു തിരഞ്ഞെടുത്തത് നടപടിക്രമങ്ങളെല്ലാം പാലിച്ചാണെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
അതേസമയം ബിജുവിന്റെ വീസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയ്ക്ക് കത്തയച്ചു
വീസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്നാണ് ആവശ്യം. മേയ് എട്ടുവരെയാണ് ബിജുവിന്റെ വീസയുടെ കാലാവധി.
കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിനു വേണ്ടി, കൃഷി വകുപ്പിനു കീഴിലുള്ള സമേതി ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടറാണ് ഇസ്രയേലിലെ ഇന്ത്യന്‍ എംബസിക്കും ബെംഗളൂരുവിലെ ഇസ്രയേല്‍ കോണ്‍സുലേറ്റിനും കത്തയച്ചത്.
വീസ കാലാവധി അവസാനിക്കുന്നതു വരെ കാത്തിരിക്കരുതെന്നും എത്രയും വേഗം റദ്ദാക്കി ബിജുവിനെ നാട്ടിലേക്ക് അയയ്ക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാരിന്റെ അപേക്ഷയിലാണ് ബിജുവിന് ഇസ്രയേല്‍ വീസ ലഭിച്ചത്. ഇക്കാരണത്താലാണ് നിയമനടപടി സ്വീകരിക്കുന്നതെന്നും കൃഷി വകുപ്പ് അറിയിച്ചു.
കഴിഞ്ഞ വെള്ളി രാത്രി മുതലാണ് ബിജുവിനെ ഇസ്രയേലില്‍ വച്ചു കാണാതായത്. ഇസ്രയേലിലെ കൃഷിരീതികള്‍ പഠിക്കാന്‍ കൃഷി വകുപ്പ് രണ്ടു പട്ടികയാണ് തയാറാക്കിയത്.
ആദ്യ പട്ടികയില്‍ 20 പേരും വെയ്റ്റ് ലിസ്റ്റില്‍ 10 പേരുമായിരുന്നു. വെയ്റ്റ് ലിസ്റ്റില്‍ മൂന്നാമതായിരുന്ന ബിജു, അന്തിമ പട്ടികയില്‍ ഇടം പിടിച്ചു.
വിദേശയാത്രയ്ക്കായി ഡിസംബര്‍ 17നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. അതേ മാസം 29നായിരുന്നു അപേക്ഷിക്കേണ്ട അവസാന തീയതി.
32 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. പല കര്‍ഷകര്‍ക്കും ഈ സമയത്തിനകം അപേക്ഷിക്കാന്‍ കഴിയാത്തതിനാലും അപേക്ഷ സമര്‍പ്പിച്ച പലര്‍ക്കും യോഗ്യത ഇല്ലാത്തതിനാലും അപേക്ഷ നല്‍കേണ്ട തീയതി ജനുവരി 12വരെ നീട്ടി.
എന്നാല്‍ ഈ തീയതിക്ക് മൂന്നു ദിവസം മുന്‍പ് യാത്രയ്ക്കുള്ള 20 അംഗ പ്രാഥമിക പട്ടികയും വെയ്റ്റ് ലിസ്റ്റും കൃഷി വകുപ്പ് പ്രസിദ്ധീകരിച്ചു.
ജനുവരി അഞ്ചിന് കമ്മിറ്റി കൂടിയാണ് പട്ടിക തീരുമാനിച്ചതെന്നും അപേക്ഷിച്ച 32 പേരില്‍ 30 പേരും യോഗ്യരാണെന്നും രണ്ടു പേരെ മാത്രം ഒഴിവാക്കിയെന്നുമാണ് കൃഷി വകുപ്പിന്റെ വിശദീകരണം.