ആലപ്പുഴ: ഹരിപ്പാട്ട് ഡിവൈഎഫ്ഐ നേതാവ് എസ്എഫ്ഐയുടെ വനിതാ നേതാവിനെ മർദിച്ച സംഭവത്തിൽ ട്വിസ്റ്റ്. തന്നെ ആരും മർദിച്ചിട്ടില്ലെന്നും നടന്നത് വാഹനാപകടമാണെന്നും മർദനമേറ്റ എസ്എഫ്ഐ നേതാവ് പി. ചിന്നു ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഡിവൈഎഫ്ഐ നേതാവ് അമ്പാടി ഉണ്ണി തന്നെ മര്‍ദിച്ചിട്ടില്ലെന്നും തനിക്ക് സംഭവിച്ച അപകടത്തിന്റെ പേരിൽ എസ്എഫ്ഐയേയും ഡിവൈഎഫ്ഐയെയും ബോധപൂര്‍വം വലിച്ചിഴക്കുകയാണെന്നും ചിന്നു പറഞ്ഞു. ചിലരുടെ വ്യക്തിതാൽപര്യങ്ങള്ക്ക് വേണ്ടിയാണ് ഇത്തരം പ്രചരണങ്ങളെന്നും ചിന്നു വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് ചിന്നുവും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചുവീഴ്ത്തി ഉണ്ണി ഇവരെ ആക്രമിച്ചത്. മറ്റൊരു വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ ഉണ്ണിക്കെതിരെ പാർട്ടി അന്വേഷണ കമ്മീഷന് മുമ്പിൽ ചിന്നു മൊഴി നൽകിയിരുന്നു. ഇതിന് പ്രതികാരമായി ആണ് ചിന്നുവിനെതിരെ ഉണ്ണി ആക്രമണം നടത്തിയത്.
സംഭവമറിഞ്ഞയുടൻ ഉണ്ണിയെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി ഡിവൈഎഫ്ഐ അറിയിച്ചിരുന്നു. ഇയാളെ പുറത്താക്കിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നാണ് ഡിവൈഎഫ്ഐ നേരത്തെ അറിയിച്ചത്. സംഭവത്തിൽ പരാതി ലഭിക്കാത്തതിനാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.