തൊടുപുഴ: ഭര്‍ത്താവിന്റെ കഴുത്തു മുറിച്ചതിനു ശേഷം ഭാര്യ ജീവനൊടുക്കി.ഇടുക്കി കുളമാവ് കരിപ്പലങ്ങാടിനു സമീപമാണ് സംഭവം.
കരിപ്പലങ്ങാട് കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്. സുകുമാരനെ കഴുത്തില്‍ ഗുരുതരമായ പരിക്കേറ്റ നിലയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ മിനിയെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇവരെ തൂങ്ങി മരിച്ച നിലയിലും സുകുമാരനെ കഴുത്തു മുറിഞ്ഞ നിലയിലും കണ്ടെത്തിയത്.
കുളമാവ് പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തിയാണ് സുകുമാരനെ ആശുപത്രിയിലെത്തിച്ചത്.
മക്കളില്ലാത്ത ദമ്പതികള്‍ മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന സുകുമാരന്‍ ഏതാനും വര്‍ഷമായി അസുഖബാധിതനായി കിടപ്പിലായിരുന്നു.
ആൽസ്ഹൈമേഴ്സ് ബാധിച്ചിരുന്നു. മിനിയാണ് ഭര്‍ത്താവിനെ നോക്കിയിരുന്നത്.ഭര്‍ത്താവിന്റെ രോഗത്തില്‍ മനംനൊന്താണ് മിനി കൃത്യം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് കുളമാവ് എസ്എച്ച്ഒ അറിയിച്ചു.