കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ തട്ടിപ്പെന്ന ആരോപണത്തെത്തുടര്‍ന്ന് കളക്ടറേറ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തി.
കോട്ടയത്ത് കളക്ടറേറ്റില്‍ നടന്ന പരിശോധനയില്‍ സംശയമുള്ള 20 ഫയലുകള്‍ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു വ്യാജരേഖകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നു എന്നാണ് പരാതി.
ഏജന്റുമാര്‍ മുഖേനെയാണു വ്യാജരേഖകള്‍ ഹാജരാക്കി പണം തട്ടുന്നത്. ഇതിന് കളക്ടറേറ്റിലെ ഉദ്യോഗസ്ഥരും കൂട്ടുനില്ക്കുന്നതായാണ് വിജിലന്‍സ് കണ്ടെത്തല്‍.
അന്വേഷണത്തിന്റെ ഭാഗമായി ഓപ്പറേഷന് സിഎംആര്‍ഡിഎഫ് എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.
ദുരിതാശ്വാസ നിധിയില്‍ പണം നൽകിയതായി രേഖകളിലുള്ള 13 പേരെ വിളിച്ച് അന്വേഷിച്ചപ്പോള്‍ മൂന്നു പേര്‍ക്കു ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തി.
മുണ്ടക്കയം സ്വദേശി ഹൃദ്രോഗത്തിനു കോട്ടയം കളക്ട്രേറ്റില്‍ 2017ല്‍ 5,000 രൂപയും 2019 ഇടുക്കി കളക്ട്രേറ്റില്‍നിന്ന് 10,000 രൂപയും 2020ല്‍ കാന്‍സറിനു 10,000 രൂപയും ദുരിതാശ്വാസ നിധിയില്‍നിന്നു കൈപ്പറ്റിയിട്ടുണ്ട്.
ഇതിനെല്ലാം ഇയാള്‍ക്കു സര്‍ട്ടിഫിക്കറ്റ് നൽകിയതു കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിലെ ഓര്‍ത്തോപീഡിയാക് ഡോ. മാത്യുവാണെന്നും കണ്ടെത്തി.
ഇയാള്‍ 2023ലും കോട്ടയത്ത് അപേക്ഷ നൽകിയെങ്കിലും അപേക്ഷ തള്ളുകയും ചെയ്തിട്ടുണ്ടെന്നും പരിശോധനയില്‍ ബോധ്യപ്പെട്ടു.
ദുരിതാശ്വാസ നിധിയില്‍നിന്നു സഹായം ലഭിക്കുന്നതിനായി കളക്ടറേറ്റുകള്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സഹായം ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് സംസ്ഥാന വ്യാപകമായി ഓരോ കളക്ടറേറ്റുകളിലും ലഭിക്കാറുള്ളത്.
ഈ അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അര്‍ഹരെ കണ്ടെത്തിയശേഷം സെക്രട്ടേറിയറ്റിലേക്ക് അയക്കും. തുടര്‍ന്ന് പണം അക്കൗണ്ടിലേക്കു വരും.
കാലങ്ങളായി തുടരുന്ന ഈ രീതിയിലാണ് അഴിമതി കണ്ടെത്തിയത്. സിഎംആര്‍ഡിഎഫ് കൈകാര്യം ചെയ്യുന്ന കളക്ടറേറ്റിലെ ഉദ്യേഗസ്ഥര്‍, ഏജന്റുമാരുമായി ചേര്‍ന്നു പണം വാങ്ങി വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റുകളടക്കം നല്കി പണം തട്ടുന്നുവെന്നാണു വിജിലന്‍സ് കണ്ടെത്തല്‍.
അനര്‍ഹരായ ആളുകളുടെ പേരില്‍ അപേക്ഷ സമര്‍പ്പിക്കുന്നതാണു തട്ടിപ്പ് രീതി. വ്യാജ രേഖകളും ഫോണ്‍ നമ്പറുകളും ബാങ്ക് അക്കൗണ്ട് രേഖകളും ഏജന്റുകളുടേതാകും.
പണം ലഭിച്ചശേഷം ഒരു വിഹിതം തട്ടിപ്പിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കും അപേക്ഷ സമര്‍പ്പിച്ച വ്യക്തിക്കും നല്‍കും. ഈ രീതിയിലാണു കാലങ്ങളായി തട്ടിപ്പ് നടക്കുന്നതെന്നാണു വിജിലന്‍സ് കണ്ടെത്തിയത്.