ചേര്‍ത്തല: ദമ്പതികൾ ചമഞ്ഞ് വീട്ടുജോലിക്കുനിന്ന് മോഷണം നടത്തിയ കമിതാക്കൾ പോലീസിന്റെ പിടിയിലായി. കോട്ടയം പാറത്തോട് പോത്തല വീട്ടിൽ ജിജോ (38), കോട്ടയം മുണ്ടക്കയം കാര്യാട്ട് വീട്ടിൽ സുജ ബിനോയ് (43) എന്നിവരാണ് അർത്തുങ്കൽ പോലീസിന്റെ പിടിയിലായത്.
എറണാകുളം പോണേക്കരയിൽ സ്ഥിരതാമസക്കാരിയായ ഷിജി ജിനേഷിന്റെ അർത്തുങ്കൽ ചെത്തിയിലുള്ള തോട്ടപ്പിള്ളി വീട്ടിലാണ് ഇവർ ദമ്പതികൾ ചമഞ്ഞ് വീട്ടു ജോലി ചെയ്ത് തട്ടിപ്പ് നടത്തിയത്.
ഇവിടെനിന്നു സ്വർണമാല, മൂന്ന് ലാപ്ടോപ്, ഓടിന്റെയും മറ്റും പാത്രങ്ങൾ, തുണിത്തരങ്ങൾ, ഗ്യാസ് കുറ്റികൾ, ഇരുമ്പ് ഗേറ്റ്, വാഹനത്തിന്റെ സ്റ്റെപ്പിനി ടയർ, കാർപ്പറ്റുകൾ മുതലായവയാണ് മോഷ്ടിച്ചത്.
ഏകദേശം 5,32,500 രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചു വിൽപ്പന നടത്തിയെന്നാണ് കണ്ടെത്തൽ.പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള ചെത്തി തോട്ടപ്പിള്ളി വീട്ടിൽ താമസിക്കുന്ന ഭർതൃമാതാവിനെ സംരക്ഷിക്കുന്നതിനും വീട്ടുജോലിക്കുമായി ദമ്പതികളെ ആവശ്യപ്പെട്ട് പത്രപരസ്യം കൊടുത്തിരുന്നു.
ഈ പത്രപരസ്യം കണ്ട് കുട്ടികളും കുടുംബവുമുള്ള ദമ്പതികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ജിനോയും സുജയും 2021 നവംബർ മാസം മുതൽ ഷിജി ജിനേഷിന്റെ വീട്ടിൽ താമസിച്ചുവരികയായിരുന്നു.
വിദേശത്ത് ജോലി ചെയ്തിരുന്ന ഷിജി ജിനേഷിന്റെ ഭർത്താവ് മകളുടെ വിവാഹത്തിനും മറ്റുമായി നാട്ടിൽ എത്തിയപ്പോഴാണ് സ്വർണവും സാധനങ്ങളും നഷ്ടമായത് അറിഞ്ഞത്.
അറസ്റ്റിലായ പ്രതികൾ മോഷണമുതൽ വിറ്റുകിട്ടിയ തുക കുടുംബാവശ്യങ്ങൾക്കും സ്കൂട്ടർ വാങ്ങുന്നതിനും മറ്റുമായി ചെലവഴിച്ചതായാണ് സൂചന.
മോഷണ മുതലുകളിൽ സ്വർണം പണയം വച്ച മാരാരിക്കുളത്തുള്ള സ്വകാര്യ ഫൈനാൻസിൽനിന്നു പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.ജി. മധുവിന്റെ നേതൃത്വത്തിൽ എസ്ഐ സജീവകുമാർ, ഗ്രേഡ് എസ്ഐ ശാലിനി, ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധി, ബൈജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലായ പ്രതികളെ ഇന്ന് ചേർത്തല കോടതിയിൽ ഹാജരാക്കും.