കായംകുളം: ശാരീരിക ബുദ്ധിമുട്ടുകൾ മറന്ന് താൻ വരച്ച ചിത്രവുമായി കളക്ടറേറ്റിലെത്തി കളക്ടർക്ക് സമ്മാനിച്ച മുതുകുളം തെക്ക് ചാങ്ങയിൽ വടക്കതിൽ ജി. കൃഷ്ണകുമാറിന്റെയും കലയുടെയും മകൾ ഗൗതമിയെ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ അഭിനന്ദിച്ചു.
തന്റെ ചിത്രം വരച്ചു നൽകിയ ഗൗതമിക്ക് കളക്ടർ ഉപഹാരവും നൽകി. ഗൗതമിയെ അഭിനന്ദിച്ചു കളക്ടർ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു:
“എനിക്കൊരു അമൂല്യ സമ്മാനം ലഭിച്ചു. സമ്മാനത്തേക്കാൾ ഉപരിയായി അതെനിക്ക് വലിയ ഒരു പ്രചോദനമാണ് നൽകിയത്.
മുതുകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ ഗൗതമിയെന്ന മോളാണ് എനിക്ക് ഈ അമൂല്യമായ സമ്മാനം നൽകിയത്.
എസ്എംഎ ബാധിച്ച് ഒന്ന് ഇരിക്കാൻ പോലും ബുദ്ധിമുട്ടുന്ന ഈ മോൾ എനിക്ക് ചിത്രം സമ്മാനിക്കാൻ വേണ്ടി മാത്രമായാണ് മുതുകുളത്തുനിന്നു ഇത്രയധികം ദൂരം യാത്ര ചെയ്ത് കളക്ടറേറ്റിലേക്കു വന്നത്.
മോളോട് എനിക്കുള്ള സ്നേഹവും നന്ദിയും വാക്കുകൾ കൊണ്ട് പറഞ്ഞ് അറിയിക്കാവുന്നതിലും അപ്പുറമാണ്. എട്ടര മണിക്കൂറോളം സമയം ഇരുന്നും കിടന്നുമാണ് ഈ മോൾ എനിക്ക് തരാനായി ഈ മനോഹര ചിത്രം വരച്ചത്.
ഈ മോൾ കാണിച്ച സ്നേഹവും വാത്സല്യവും ജീവിതത്തിൽ ഒരിക്കലും എനിക്ക് മറക്കാനാവില്ല. ഈ അമൂല്യ സമ്മാനം ഒരു നിധിപോലെ എന്നും ഞാൻ എന്റെ മനസിനോട് ചേർത്തു വയ്ക്കും.
പ്രതികൂല സാഹചര്യങ്ങളിലും അസാമാന്യമായ കരുത്തും ആത്മവിശ്വാസവുമായി ജീവിതത്തിൽ മുന്നേറുന്ന ഈ മോൾക്ക് എന്റെ എല്ലാവിധ ആശംസകളും…”